സെഞ്ചൂറിയന്‍: പേസര്‍ ഡെയ്ല്‍ സ്‌റ്റെയിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത താരമായി. പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫഖര്‍ സമാനെ വീഴ്‌ത്തിയാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്. ഇതോടെ സ്‌റ്റെയിന് 422 വിക്കറ്റുകളായി. ഷോണ്‍ പൊള്ളോക്കിന്റെ റെക്കോഡാണ് സ്‌റ്റെയിന്‍ മറികടന്നത്്.
സമാനെ പുറത്താക്കിയതോടെ റെക്കോഡിനായുള്ള സ്‌റ്റെയ്‌നിന്റെ മൂന്ന് വര്‍ഷത്തെ കാത്തിരിപ്പാണ് അവസാനിച്ചത്. പരിക്ക് മൂലം മൂന്ന് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 27 ടെസ്റ്റ് മത്സരങ്ങള്‍ ഈ പേസര്‍ക്ക് നഷ്ടമായി.
2015 ജൂലൈയില്‍ എണ്‍പതാം ടെസ്റ്റില്‍ സ്‌റ്റെയിന്‍ 400 വിക്കറ്റ് നേട്ടം കൈവരിച്ചതാണ്. ഏറ്റവും വേഗത്തില്‍ നാനൂറ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറാണ് സ്‌റ്റെയിന്‍. പിന്നീട് പരിക്കുകള്‍ അദ്ദേഹത്തിന് പ്രശ്‌നമായി. തുടര്‍ച്ചയായി നാല് പരമ്പരകളില്‍ കളിക്കാനായില്ല.
ടെസ്റ്റ് കളിക്കുന്ന എല്ലാ ടീമുകള്‍ക്കുമെതിരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 26 ഇന്നിങ്ങ്‌സുകളില്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. ഏറ്റവും കൂടതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ്. 431 വിക്കറ്റ് വീഴ്‌ത്തിയ ന്യൂസിലന്‍ഡിന്റെ റിച്ചാര്‍ഡ് ഹാഡ്്‌ലിയെ മറികടന്നാല്‍ സ്്‌റ്റെയിന് ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരുടെ പട്ടികയില്‍ പത്താം സ്ഥാനത്തെത്താം.
















