തിരുവനന്തപുരം: ജോലി നഷ്ടപ്പെട്ടവരുടെ പ്രയാസങ്ങള്‍ ഉയര്‍ത്തിക്കാട്ടി കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട വനിതാ കണ്ടക്ടര്‍മാരുള്‍പ്പടെയുള്ള എംപാനല്‍ ജീവനക്കാര്‍ നടത്തിയ ലോംഗ് മാര്‍ച്ച് തിരുവനന്തപുരത്ത് സമാപിച്ചു. ആലപ്പുഴയില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ ജോലി നഷ്ടമായ നിരവധിപ്പേരാണ് അണിനിരന്നത്.
പിരിച്ചുവിടാനുള്ള കോടതി വിധി സര്‍ക്കാരിന്റെയും കോര്‍പ്പറേഷന്റെയും പിടിപ്പുകേട് മൂലമാണെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് വനിതകളുള്‍പ്പടെയുള്ള ജോലിനഷ്ടപ്പെട്ട കണ്ടക്ടര്‍മാര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. ഹൈക്കോടതി ഉത്തരവോടെ പടിയിറങ്ങേണ്ടി വന്ന തങ്ങള്‍ക്ക് ജോലി തിരികെ നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നതാണ് പിരിച്ചു വിട്ടവരുടെ പ്രധാന ആവശ്യം.
ജോലി തിരികെ നല്‍കണം, ജോലി നഷ്ടപ്പെട്ടവരുടെ പ്രയാസങ്ങളും ജീവിത പ്രതിസന്ധികളും തിരിച്ചറിയണം തുടങ്ങിയ ആവശ്യങ്ങളാണ് മാര്‍ച്ചിലെ മുദ്രാവാക്യങ്ങളിലുടനീളം ഉയര്‍ന്നത്. തലസ്ഥാനത്തെത്തിയ മാര്‍ച്ചിനെ സ്വീകരിക്കാന്‍ എംപാനല്‍ ജീവനക്കാരുടെ കുടുംബാംഗങ്ങളും കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളും എത്തിയിരുന്നു.
















