ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ വിവരിച്ച് കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യത്തെ വിവിധ സഭകളുടെ ബിഷപ്പുമാര്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. മുന്നൂറോളം ബിഷപ്പുമാര്‍ക്കാണ് സര്‍ക്കാരിന്റെ പത്ത് പ്രധാന ഭരണനേട്ടങ്ങള്‍ വിവരിക്കുന്ന ആശംസാകാര്‍ഡുകള്‍ കേന്ദ്രമന്ത്രി നല്‍കിയത്.
യോജിപ്പിന്റെ ലോകമാണ് ആവശ്യമെന്നും വിഭജനത്തിന്റെ മതിലുകളുടെ നിര്‍മ്മാണമല്ല വേണ്ടതെന്നും കണ്ണന്താനം സന്ദേശത്തില്‍ പറയുന്നു. ക്രൈസ്തവ സഭകള്‍ക്ക് എന്ത് പ്രശ്നം വന്നാലും അതില്‍ യാതൊരു താമസവും കൂടാതെ ഇടപെടാനും പരിഹാരം കാണാനും കേന്ദ്രമന്ത്രിയെന്ന നിലയില്‍ താനെന്നും ശ്രമിച്ചിട്ടുണ്ടെന്നും കാതോലിക്, പ്രൊട്ടസ്റ്റന്റ്, ഓര്‍ത്തഡോക്സ്, ജാക്കോബൈറ്റ്, മാര്‍ത്തോമ, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ, ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ, ബിലീവേഴ്സ് ചര്‍ച്ച്, ഇന്ത്യയിലെ വിവിധ സ്വതന്ത്ര സഭകള്‍ എന്നിവയ്‌ക്കെല്ലാം നല്‍കിയ കത്തില്‍ കണ്ണന്താനം പറഞ്ഞു.
രാജ്യത്തെ പാവപ്പെട്ടവര്‍ക്കായി 5.8 കോടി പാചക വാതക സിലിണ്ടറുകള്‍ വിതരണം ചെയ്തതും 9.5 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചതും 5,33,676 കോടി രൂപ സബ്സിഡി തുക നേരിട്ട് വിതരണം ചെയ്തതും രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചതും മോദിസര്‍ക്കാരിന്റെ നേട്ടങ്ങളാണ്. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന 30 കോടി പേര്‍ക്ക് സൗജന്യമായി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു നല്‍കി, പിന്നോക്കം നില്‍ക്കുന്ന 2.63 കോടി പേര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കി, എല്ലാ പിന്നോക്ക വിഭാഗം ജനങ്ങള്‍ക്കും 12 രൂപയ്‌ക്ക് രണ്ടുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കി, മുന്നൂറു രൂപയ്‌ക്ക് രണ്ടുലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി, പാവപ്പെട്ടവര്‍ക്കായി അഞ്ചു ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ സഹായ പദ്ധതി നടപ്പാക്കി. പിന്നോക്കക്കാര്‍ക്കായി 1.30 കോടി വീടുകള്‍ നിര്‍മ്മിച്ചു നല്‍കി തുടങ്ങിയ നേട്ടങ്ങളും ബിഷപ്പുമാര്‍ക്കയച്ച കത്തില്‍ കണ്ണന്താനം വിവരിച്ചു.
















