കോട്ടയം: ശബരിമല വിശ്വാസ സംരക്ഷണത്തിനായി 26ന് കാസര്‍കോട് ഹൊസങ്കടിയില്‍ നിന്ന് ആരംഭിക്കുന്ന അയ്യപ്പജ്യോതി കന്യാകുമാരി ത്രിവേണീ സംഗമം വരെ നീട്ടി. ഹൊസങ്കടി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം മുതല്‍ പാറശ്ശാല വരെ ജ്യോതി തെളിയിക്കാനായിരുന്നു തീരുമാനം.
എന്നാല്‍ ശബരിമല കര്‍മസമിതി തമിഴ്‌നാട് ഘടകത്തിന്റെ ആവശ്യപ്രകാരമാണ് ജ്യോതി കന്യാകുമാരിവരെ നീട്ടിയത്. കൡയിക്കാവിള, മാര്‍ത്താണ്ഡം, തക്കല, പാര്‍വതീപുരം, കന്യാകുമാരി, ത്രിവേണീസംഗമം വരെയുള്ള 64 കിലോമീറ്റര്‍ ദൂരമാണ് കൂട്ടിയിട്ടുള്ളത്.
731.4 കിലോമീറ്റര്‍ ജ്യോതി തെളിയിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതോടെ 795 കിലോമീറ്റര്‍ ദൂരമാകും അയ്യപ്പജ്യോതി തെളിയുക. ഒരു മീറ്റര്‍ ഇടവിട്ടാണ് ജ്യോതി തെളിയിക്കുന്നത്. ഒരു മീറ്ററില്‍ ഒരാള്‍ എന്ന നിലയില്‍ 7,95,000 വിശ്വാസികള്‍ ജ്യോതി തെളിയിക്കുന്നതിന് മാത്രമായി എത്തിച്ചേരും. നൂറോളം അയ്യപ്പ വിശ്വാസ സംരക്ഷണ സമ്മേളനങ്ങള്‍ ഇതോടൊപ്പം നടക്കുന്നുണ്ട്. പത്ത് ലക്ഷത്തിന് മേല്‍ വിശ്വാസികള്‍ ജ്യോതിയില്‍ പങ്കാളികളാകുമെന്നാണ് കണക്കുകൂട്ടല്‍.
അയ്യപ്പജ്യോതി വിജയിപ്പിക്കണം: നീലകണ്ഠന്‍ മാസ്റ്റര്‍
കോട്ടയം: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ 26ന് സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതി വിജയിപ്പിക്കണമെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ പറഞ്ഞു.
കെപിഎംഎസ് വിശ്വാസികളുടെ പക്ഷത്താണ്. അതുകൊണ്ട് തന്നെ അയ്യപ്പജ്യോതിയില്‍ എല്ലാവരും പങ്കാളികളാകും. നവോത്ഥാനം സംരക്ഷിക്കണമെന്ന് പറഞ്ഞുകൊണ്ട് സിപിഎമ്മും സര്‍ക്കാരും ചില സംഘടനകളും ചേര്‍ന്ന് നടത്തുന്ന വനിതാ മതില്‍ ജാതിമതില്‍ തന്നെയാണ്. നവോത്ഥാന പോരാട്ടം ജാതിമതിലുകള്‍ പൊളിച്ചുകളഞ്ഞ വിപ്ലവമാണെന്നും അദ്ദേഹം പറഞ്ഞു.
















