റായ്‌പ്പൂര്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗലിന്റെ രാഷ്‌ട്രീയ ഉപദേശകന്‍ സെക്‌സ് ടേപ്പുകേസിലെ പ്രതി. മുന്‍മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ വിനോദ് വര്‍മ്മയാണ് വിവാദ പുരുഷന്‍. പൊതുഭരണവകുപ്പ് നിയമിച്ച നാല് ഉപദേശകരില്‍ ഒരാളാണ് വിനോദ് വര്‍മ്മ. ഒരു ഹിന്ദി പതത്തിന്റെ എഡിറ്ററായിരിക്കെ കഴിഞ്ഞ വര്‍ഷം രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന രുചിര്‍ ഗാര്‍ഗാണ് മറ്റൊരു ഉപദേശകന്‍.
കഴിഞ്ഞ വര്‍ഷം കേസ് എടുത്ത സമയത്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് പോലീസ് 500 ലേറെ അശ്‌ളീല സിഡികളും പെന്‍ ഡ്രൈവുകളും പിടിച്ചെടുത്തിരുന്നു. അന്നത്തെ പൊതുമരാമത്ത് മന്ത്രി രാജേഷ് മുനാടിനെ കടുക്കാന്‍ സെക്‌സ്‌ടേപ്പ് വ്യാജമായി നിര്‍മ്മിച്ചെന്ന കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. മുന്‍പ് അല്പ്പകാലം ബിബിസിയുടെ കാമറാമാനായി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ പിന്നീട് ചില പ്രാദേശിക സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു.
ഭാഗലിന്റെ അടുത്തയാളായ വര്‍മ്മയെ 2017 ഒക്‌ടോബറിലാണ് ഗാസിയാബാദില്‍ നിന്ന് റായ്‌പ്പൂര്‍ പോലീസ് പിടികൂടിയത്. മന്ത്രിയെ സെക്‌സ് സിഡി കാട്ടി ബ്‌ളാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. മന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബജാജും നല്‍കിയ പരാതികളിലായിരുന്നു അറസ്റ്റ്. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് ഇയാള്‍ക്കെതിരെ എടുത്തിരുന്നത്.
2017 ഡിസംബറില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ക്കെതിരെ ഈ സപ്തംബറില്‍ സിബിഐ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.ഈ സിഡി നിര്‍മ്മാണവുമായി ഭാഗലിന് ബന്ധമുണ്ടെന്ന് ലരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു ബന്ധവുമില്ലെന്നാണ് അന്ന് ഭാഗല്‍ പ്രതികരിച്ചത്.
















