കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയപ്പ് കേസില്‍ നടി ലീന മരിയയ്‌ക്ക് പോലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് കോടതി. കേസന്വേഷണത്തിന് പോലീസ് മറ്റ് സംസ്ഥാനങ്ങളിലേക്കും. സംഭവത്തില്‍ അധോലോകത്തലവന്‍ രവി പൂജാര ബന്ധം അന്വേഷിക്കാനാണിത്.
ലീന മരിയ പോളിന്റെ കൂട്ടാളി സുദേഷ് ചന്ദ്രശേഖറിന്റെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് പരിശോധിച്ചു. ഇരുവരും മൂന്ന് മാസം മുമ്പ് കൊച്ചിയില്‍ താമസിച്ചെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്. ലീനയോടൊപ്പം സുദേഷ് ചന്ദ്രശേഖറും തട്ടിപ്പുക്കേസുകളില്‍ പ്രതിയാണ്.
ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവയ്‌പ്പുണ്ടായതിനെത്തുടര്‍ന്ന് ലീന പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നടിക്ക് പോലീസ് സുരക്ഷയില്ല, പകരം സ്വന്തം നിലയില്‍ സുരക്ഷ ഉറപ്പാക്കാമെന്ന സര്‍ക്കാര്‍ നിലപാട് നടി അംഗീകരിച്ചു.
ദല്‍ഹി പോലീസിന്റെ കാവലിലാണ് ലീനയോടൊപ്പം സുദേഷ് ചികിത്സയ്‌ക്കെന്ന പേരില്‍ കൊച്ചിയിലെത്തിയത്. ഇതിന്റെ യാഥാര്‍ഥ്യം അറിയാന്‍ അന്വേഷണ സംഘം ദല്‍ഹിയിലേക്ക് പോകും. ഇവരുടെ കൊച്ചി സന്ദര്‍ശനവും വെടിവയ്‌പ്പും തമ്മില്‍ ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ലീനയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറിനു നേരെ രണ്ടംഗ സംഘം വെടിയുതിര്‍ത്തത്.
















