തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ച പോലീസുകാരന്‍ ശരത്തിന് സിപിഎമ്മിന്റെ ഭീഷണി. ശരത്തിന്റെ മാതാപിതാക്കളാണ് പരാതിയുമായി ഡിജിപിയെ സമീപിച്ചത്. കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
സിപിഎം പ്രവര്‍ത്തകര്‍ മകനെതിരെ ഭീഷണി മുഴക്കുന്നതായി ശരത്തിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും പിടികൂടണമെന്നും, വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, പോലീസുകാരെ ക്രൂരമായി തല്ലിച്ചതച്ച എസ്എഫ്‌ഐക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതിന് കന്റോണ്‍മെന്റ് സിഐ സജ്ജാദിനെ സ്ഥലംമാറ്റി. ട്രാഫിക്കിലേക്കാണ് സിഐയ്‌ക്ക് സ്ഥലംമാറ്റം. പ്രതികളെ പിടികൂടുന്നതില്‍ സിഐ വീഴ്ച വരുത്തിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ച യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലായിരുന്നു പോലീസുകാര്‍ക്ക് നേരെ ആക്രമണം. നസീം സിപിഎമ്മിന്റെ സംരക്ഷണയിലാണെന്നാണ് സൂചന. പാളയം യുദ്ധസ്മാരകത്തിന് മുന്നില്‍ സിഗ്‌നല്‍ ലംഘിച്ച ബൈക്ക് തടഞ്ഞതിനാണ് എസ്എപി ക്യാമ്പിലെ പോലീസുകാരായ വിനയ ചന്ദ്രന്‍, ശരത് എന്നിവരെ നടുറോഡില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചത്.
















