സന്നിധാനം: ശബരിമലയില്‍ പോലീസിന് ഭക്ഷണമൊരുക്കാന്‍ ആവശ്യത്തിന് ആളില്ലാതെ ദുരിതത്തിലായ ക്യാമ്പ് ഫോളോവേഴ്‌സിന് താത്കാലിക ആശ്വാസം. 40 താത്കാലിക ജീവനക്കാരെക്കൂടി നിയമിച്ചു. ഉറങ്ങാന്‍ പോലുമാകാതെ കഷ്ടപ്പെടുന്ന ക്യാമ്പ് ഫോളോവേഴ്‌സിന്റെ വാര്‍ത്ത പുറത്തുകൊണ്ടുവന്നത് ജന്മഭൂമിയാണ്.
ദിവസവും ഉച്ചയ്‌ക്ക് അഞ്ചുതരം തൊടുകറികളും പരിപ്പും സാമ്പാറും പുളിശ്ശേരിയും രസവും പപ്പടവും പായസവും. രാവിലെ വിഭവസമൃദ്ധമായ പ്രഭാതഭക്ഷണം. രാത്രിയില്‍ ചപ്പാത്തിയും അതിനുവേണ്ട കറികളും. ഇതിനൊക്കെ പുറമേ ചായയും ചെറുകടിയും. ശബരിമല ഡ്യൂട്ടിയുള്ള 2000 പേരോളം വരുന്ന ഓരോ ക്യാമ്പിലും ഇത്രയും ഭക്ഷണം തയാറാക്കേണ്ടത് വളെരെ ചുരുക്കം ക്യാമ്പ് ഫോളോവേഴ്‌സ് ആയിരുന്നു.
നിലയ്‌ക്കല്‍, പമ്പ, സന്നിധാനം, വടശ്ശേരിക്കര, എരുമേലി, വണ്ടിപ്പെരിയാര്‍, കുമളി എന്നിവിടങ്ങളിലാണ് പോലീസ് മെസ് പ്രവര്‍ത്തിക്കുന്നത്. വണ്ടിപ്പെരിയാര്‍ ഒഴികെ ബാക്കി മെസ്സുകളിലെല്ലാം 1800 മുതല്‍ 2000 പേര്‍ക്ക് വരെ ഭക്ഷണം ഒരുക്കണം. എരുമേലിയില്‍ 35, പമ്പ 35, സന്നിധാനം 85, വടശ്ശേരിക്കര 25, എരുമേലി 45 എന്നിങ്ങനെയാണ് ക്യാമ്പ് ഫോളോവേഴ്‌സ്. ആഹാരസമനുസരിച്ച് ജോലി തരംതിരിച്ചാല്‍പോലും ഓരോ ഷിഫ്റ്റിലും നാലോ അഞ്ചോ പേരേ ഉണ്ടാകൂ.
വോളന്റിയേഴ്‌സ് എന്ന പേരില്‍ ആയിരത്തി അഞ്ഞൂറോളം പേരെ വിവിധയിടങ്ങൡ ഡ്യൂട്ടിക്ക് നിയോഗിച്ചപ്പോഴും ക്യാമ്പ് ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ അതുപോലുമുണ്ടായില്ല. നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും പരിഗണിച്ചിരുന്നില്ല. ജന്മഭൂമിയില്‍ വാര്‍ത്ത വന്നതോടെയാണ് ക്യാമ്പ് ഫോളോവേഴ്‌സിന്റെ ദുരിതം പുറത്തറിയുന്നത്. ഇതോടെ താത്കാലികമായി 40 ജീവനക്കാരെ നിയമിച്ചു. ദിവസം 645 രൂപ വേതനത്തില്‍ 62 ദിവസത്തേക്കാണ് നിയമനം. 40 പേരും ഇന്നലെ മുതല്‍ ജോലിയില്‍ പ്രവേശിച്ചു.















