ലഖ്‌നൗ: ഗോവധവുമായി ബന്ധപ്പെട്ട ബുലന്ദ്ഷഹര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. ബുലന്ദ്ഷഹര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് കൃഷ്ണബഹാദുര്‍ സിങിനെ ഡിജിപി ഓഫീസിലേക്ക് സ്ഥലം മാറ്റി. സര്‍ക്കിള്‍ ഓഫീസര്‍ സത്യപ്രകാശ് ശര്‍മ, ചിന്‍ഗ്രവതി പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സുരേഷ്‌കുമാര്‍ എന്നിവരും സ്ഥലം മാറ്റം ലഭിച്ചവരില്‍ പെടുന്നു.
കലാപം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനാണ് സ്ഥലം മാറ്റം. അഡീഷണല്‍ ഡിജിപി എസ്.ബി. ശിരദ്കര്‍ അഡീഷണല്‍ ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കലാപത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിങും പ്രദേശവാസി സുമിത് സിങും കൊല്ലപ്പെട്ടിരുന്നു.
അതേസമയം പോലീസ് ഓഫീസര്‍ക്ക് നേരെ നിറയൊഴിച്ചതെന്ന് സംശയിക്കുന്ന സൈനികനെ കശ്മീരിലെ സൈനിക കേന്ദ്രത്തില്‍ ചോദ്യം ചെയ്തു. 22 രാഷ്‌ട്രീയ റൈഫിള്‍സിലെ ജിതേന്ദ്ര മാലികിനെയാണ് ചോദ്യം ചെയ്തത്. വൈകാതെ ഇയാളെ യുപി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ നേരത്തേ പോലീസ് സംഘം കശ്മീരിലെത്തിയിരുന്നു.
















