തിരുവനന്തപുരം: ബിജെപി എംപിമാരുടെ സംഘം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയാണ് സംഘം സുരേന്ദ്രനെ സന്ദര്‍ശിച്ചത്. വിവരങ്ങള്‍ കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് സംഘം അറിയിച്ചു.
സുരേന്ദ്രനെതിരെ നടന്നത് രാഷ്‌ട്രീയ ഗൂഢാലോചനയാണെന്നും, ഹിന്ദുത്വ ശക്തികളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണെന്നും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാ െപറഞ്ഞു. പട്ടികജാതി മോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ വിനോദ് സോംകാര്‍, പ്രഹ്ലാദ് ജോഷി, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനത്തിന് പോകവെയാണ് സുരേന്ദ്രനെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ശബരിമല ക്ഷേത്രത്തിലെ നിലവിലെ സ്ഥിതിഗതികള്‍ പഠിക്കാന്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ നിയോഗിച്ച കേന്ദ്ര സംഘം ഇന്നലെയാണ് കേരളത്തിലെത്തിയത്. തുടര്‍ന്ന് ഇവര്‍ ശബരിമല കര്‍മ്മസമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
അഞ്ചരകോടി തീര്‍ത്ഥാടകരെത്തുന്ന ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനും, ശബരിമല വിശ്വാസങ്ങളെയും ആചാരങ്ങളെയും കളങ്കപ്പെടുത്താനും അതുവഴി ക്ഷേത്രങ്ങളെത്തന്നെ ഇല്ലാതാക്കനുമായി കേരള സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കൃത്യവും ശക്തവുമായ ഇടപെടലുകള്‍ നടത്തണമെന്ന് ശബരിമല കര്‍മ്മസമിതി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
















