തിരുവനന്തപുരം: ഹിന്ദുഐക്യവേദി അധ്യക്ഷ കെ.പി. ശശികലടീച്ചറെ അധിക്ഷേപിക്കുകയും നിലയ്‌ക്കലില്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്ത എസ്പി യതീഷ്ചന്ദ്രയ്‌ക്ക് ഡിജിപിയുടെ അനുമോദന പത്രം. ശബരിമല ദര്‍ശനത്തിന് പോയ ശശികലടീച്ചറെ മരക്കൂട്ടത്ത് വച്ച് അറസ്റ്റ് ചെയ്ത വനിതാപോലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിയും ക്യാഷ്അവാര്‍ഡും നല്‍കിയതിനു പിന്നാലെയാണ് എസ്പിയ്‌ക്ക് അനുമോദന പത്രം നല്‍കിയത്.
ശബരിമല ഡ്യൂട്ടിയോട് അനുബന്ധിച്ച് നിലയ്‌ക്കല്‍ ബേസ് ക്യാമ്പിന്റെ സുരക്ഷാ ചുമതല എസ്പി യതീഷ് ചന്ദ്രയ്‌ക്കായിരുന്നു. ശബരിമലയില്‍ എത്തിയ അയ്യപ്പഭക്തരോട് കൊള്ളക്കാരോടെന്ന പോലെ പെരുമാറിയത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെ ശബരിമല ദര്‍ശനത്തിനായി എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് യതീഷ്ചന്ദ്ര അപമര്യാദയായി പെരുമാറി.
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് എന്താണെന്ന മന്ത്രിയുടെ ചോദ്യത്തിന്, താങ്കള്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്ന് ചോദിച്ച് എസ്പി മന്ത്രിയോട് തട്ടിക്കയറി. കൂടാതെ ശശികല ടീച്ചര്‍ വീണ്ടും ശബരിമല ദര്‍ശനത്തിന് എത്തിയപ്പോള്‍ ബസ്സില്‍ വച്ച് ക്ഷോഭിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശശികലടീച്ചറുടെ മകന്‍ എസ്പിയ്‌ക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് 15 ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അനുമോദന പത്രം നല്‍കിയത്.
















