കൊച്ചി: മനോഭാവം മാറ്റാതെ നിയമങ്ങള്‍ മാത്രം നിര്‍മിച്ചതുകൊണ്ട് സമൂഹത്തിനോ രാഷ്‌ട്രത്തിനോ ഗുണമില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ രേഖാ ശര്‍മ. സക്ഷമ(സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡല്‍)യുടെ പ്രവര്‍ത്തനത്തിന്റെ 10-ാം വാര്‍ഷികാഘോഷവും സംസ്ഥാന ദിവ്യാംഗ കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സമൂഹം ഭിന്നശേഷിയുള്ളവരോട് അനുഭാവപൂര്‍വം പെരുമാറണം. ഇവരുടെ വൈകല്യം കൂടുതല്‍ കാര്യശേഷിയുള്ളതാണ്. ഭിന്നശേഷിയുള്ള കുട്ടി ജനിക്കുമ്പോള്‍ എങ്ങനെ വളര്‍ത്തും, ജീവിക്കും തുടങ്ങി നിരവധി വെല്ലുവിളികളാണ് മാതാപിതാക്കള്‍ക്കുണ്ടാകുന്നത്. ഇങ്ങനെയുള്ള ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടുമുള്ള മനോഭാവം രണ്ടാണ്. ഈ ചിന്താഗതി മാറണം. ഇത്തരത്തിലുള്ള പരിപാടികള്‍ സ്ത്രീകളെ ബോധവത്കരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
സക്ഷമ ദേശീയ അധ്യക്ഷന്‍ ദയാല്‍സിങ് പന്‍വാര്‍ മുഖ്യപ്രഭാഷണം നടത്തി. കൊച്ചിന്‍ ഷിപ്‌യാഡ് സിഎംഡി. മധു.എസ്. നായര്‍ അധ്യക്ഷനായി. വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി സ്വാമി ഗരുഡധ്വജാനന്ദ, ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രൊഫ. കെ.വി. തോമസ് എംപി, സക്ഷമ സംസ്ഥാന അധ്യക്ഷന്‍ എന്‍.ആര്‍. മേനോന്‍, വര്‍ക്കിങ് പ്രസിഡന്റ് എന്‍. ഗോപകുമാര്‍, കെ.എസ്. രാധാകൃഷ്ണന്‍, അഡ്വ. ഗോവിന്ദ് ഭരതന്‍, വിജയശ്രീ ബാലന്‍ പൂതേരി, അഡ്വ. മങ്ങാട്ട് രാമകൃഷ്ണന്‍, ആര്‍. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
കുടുംബസഭയില്‍ സക്ഷമ ഉപാധ്യക്ഷന്‍ രഘുനാഥന്‍ നായര്‍ അധ്യക്ഷനായി. ആര്‍എസ്എസ് പ്രചാരക് ആര്‍. ഹരി പ്രഭാഷണം നടത്തി. പ്രകാശ് വെള്ളയൂര്‍, സി.സി. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. സമാദരണസഭ കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
മുന്‍ എംഎല്‍എയും സാമൂഹ്യപ്രവര്‍ത്തകനുമായ സൈമണ്‍ ബ്രിട്ടോ, ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി എന്നിവര്‍ വിശിഷ്ടാതിഥികളായി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഭിന്നശേഷിക്കാരെ ചടങ്ങില്‍ ആദരിച്ചു. കലാപരിപാടികളുമുണ്ടായിരുന്നു.
















