തിരുവനന്തപുരം: വനം കൈയേറ്റം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഒരു തടസ്സവുമില്ലാതെ ഇപ്പോഴും വനം കൈയേറ്റം നടക്കുന്നതായി 2017 മാര്‍ച്ചില്‍ അവസാനിച്ച കണക്കുകള്‍ പരിശോധിച്ച റിപ്പോര്‍ട്ടില്‍ സിഎജി ചൂണ്ടിക്കാട്ടുന്നു. 1977 ജനുവരി ഒന്നിനു മുമ്പ് സംസ്ഥാനത്ത് കൈയേറിയതായി സമ്മതിച്ച 28,588 ഹെക്ടര്‍ വനഭൂമി നിയമാനുസൃതമാക്കിയിരുന്നു. ഇതിനുശേഷമുള്ള പുതിയ കൈയേറ്റങ്ങള്‍ അനുവദിക്കാന്‍ പാടില്ലാത്തതാണ്.
എന്നാല്‍ 11,917 ഹെക്ടറിലധികം വനഭൂമി കൈയേറി. ഇതില്‍ 4628 ഹെക്ടര്‍ മാത്രമാണ് ഒഴിപ്പിച്ചതെന്നും കണ്ടെത്തി. മൂന്നാര്‍, കോന്നി, കോതമംഗലം, റെയിഞ്ചുകളിലെ ഭൂമിയാണ് കൂടുതലായി കൈയേറിയത്. ജണ്ടകള്‍ കെട്ടി തിരിക്കാത്തതാണ് കൈയേറ്റം എളുപ്പമാക്കുന്നത.് 41,880 ജണ്ടകള്‍ ഇനിയും നിര്‍മിക്കാനുണ്ട്. ഇത് വനംവകുപ്പിന്റെ ഗുരുതര വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ ചെയ്യുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും മാസ്റ്റര്‍ പ്ലാനിന് അനുസൃതമാണെന്ന് വനംവകുപ്പ് വിലയിരുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്തെ ഗതാഗത പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിച്ച് സ്ഥാപിച്ച കേരള റോഡ് ഫണ്ട് ബോര്‍ഡ് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
64.318 കിലോമീറ്റര്‍ ഉള്‍പ്പെടുന്ന രണ്ടു നഗരപാതാ വികസന പദ്ധതികള്‍ മാത്രമാണ് ഏറ്റെടുത്തത്. ഇതിനു പുറമേ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന് 53.69 കോടി രൂപ ബോര്‍ഡ് വായ്‌പയും നല്‍കി. ഇത്തരത്തില്‍ വായ്‌പ നല്‍കി പണമിടപാട് നടത്താന്‍ റോഡ് ഫണ്ട് ബോര്‍ഡിന് നിയമപരമായി അധികാരമില്ലെന്നിരിക്കേയായിരുന്നു ഈ നടപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
















