കൊച്ചി: പശ്ചിമഘട്ടത്തിലെ അഗസ്ത്യാര്‍കൂടത്തിലേയ്‌ക്ക് ട്രക്കിങ് അനുവദിച്ചാല്‍ സ്ത്രീകള്‍ക്കും അനുമതി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. സ്ത്രീകളെയും 14 വയസില്‍ താഴെയുള്ള കുട്ടികളെയും ട്രക്കിങ്ങില്‍ നിന്ന് ഒഴിവാക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇറക്കിയ സര്‍ക്കുലറിനെതിരെ കോഴിക്കോട്ടെ അന്വേഷിയടക്കം വിവിധ വനിതാ സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്.
അഗസ്ത്യാര്‍കൂടത്തിലേക്ക് ട്രക്കിങ് നടത്താനനുവദിക്കാത്ത നിലപാടിനെതിരെ ലഭിച്ച പരാതികളില്‍ 2017 ന് ജനുവരിയില്‍ വനംമന്ത്രി യോഗം വിളിച്ചിരുന്നു. ആ വര്‍ഷം ഫെബ്രുവരി 25 വരെ പരീക്ഷണാര്‍ത്ഥം പത്ത് സ്ത്രീകള്‍ക്ക് അതിരുമല വരെ പ്രവേശനം നല്‍കാനാണ് മന്ത്രി ഏകപക്ഷീയമായി തീരുമാനിച്ചതെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
സ്ത്രീകള്‍ക്ക് ട്രക്കിങ് അനുവദിക്കാത്തത് വിവേചനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ അതീവ ദുഷ്‌കരമായ ഈ മേഖലയില്‍ സ്ത്രീകള്‍ക്ക് ട്രക്കിങ് സാധ്യമാകില്ലെന്നാണ് അധികൃതരുടെ മറുപടി. ഇത്തരത്തില്‍ ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം അംഗീകരിക്കാനാവില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ മലകയറ്റവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുവേണം അനുമതി നല്‍കാനെന്നും സിംഗിള്‍ബെഞ്ച് ഉത്തരവ് പറയുന്നു.
















