കൊച്ചി: ഇരുമുടിക്കെട്ടുമായുള്ള ശബരിമല യാത്രക്കിടെ ശശികല ടീച്ചറെയും കുടുംബത്തെയും അധിക്ഷേപിച്ച സംഭവത്തില്‍ എസ്പി യതീഷ് ചന്ദ്രക്കെതിരെ മാനനഷ്ടക്കേസ്. ശശികല ടീച്ചറുടെ മകന്‍ വിജീഷാണ് യതീഷ് ചന്ദ്രക്കെതിരെ നോട്ടീസയച്ചിരിക്കുന്നത്. 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സന്നിധാനത്തേക്കുള്ള യാത്രക്കിടെ നിലക്കലില്‍ കെഎസ്ആര്‍ടിസി ബസില്‍ വച്ചാണ് യതീഷ് ചന്ദ്ര ശശികല ടീച്ചറോടും മകനോടും ആക്രോശിച്ച് സംസാരിച്ചത്. അവര്‍ സ്ത്രീയാണെന്ന് മൂത്തമകന്‍ വിജീഷ് പറഞ്ഞതോടെ, വിജീഷിനെ വണ്ടിയില്‍ നിന്ന് താഴെയിറക്കാന്‍ യതീഷ് ചന്ദ്ര നിര്‍ദേശിക്കുകയായിരുന്നു. തങ്ങള്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരാണെന്ന് മറ്റൊരു മകന്‍ മഹേഷ് പറഞ്ഞതോടെ ഇരുവരെയും ബസില്‍ നിന്ന് ഇറക്കണമെന്നും, തന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം നിന്നതിനാല്‍ അറസ്റ്റ് ചെയ്യണമെന്നും യതീഷ് ചന്ദ്ര ഉത്തരവിട്ടു. യതീഷ് ചന്ദ്രയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇരുവരെയും ബസില്‍ നിന്ന് ഇറക്കിവിട്ടിരുന്നു.
ഇവരെ നിയമപ്രകാരമല്ലാതെ കസ്റ്റഡിയില്‍ വച്ചതിനെ തുടര്‍ന്ന് വളരെ വൈകി മാത്രമാണ് കുടംബത്തിന് സന്നിധാനത്തേക്ക് യാത്ര തുടരാനായത്. ചെറിയ മൂന്ന് കുട്ടികള്‍ ഉണ്ടെന്ന പരിഗണന പോലും ഇല്ലാതെയായിരുന്നു യതീഷ് ചന്ദ്രയുടെ പെരുമാറ്റമെന്നും നോട്ടീസില്‍ ആരോപിക്കുന്നു. പൊതുജനങ്ങളുടെ മുന്നില്‍ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലായിരുന്നു യതീഷ് ചന്ദ്രയുടെ സംസാരം. മാത്രമല്ല മുന്‍വിധികളോട് കൂടിയായിരുന്നു തങ്ങളോടുള്ള പെരുമാറ്റമെന്നും നോട്ടീസില്‍ പറയുന്നു.
















