സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി. ഓപ്പണറും യുവതാരവുമായ പൃഥ്വി ഷാ ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങില്ല. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇലവനെതിരായ സന്നാഹ മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് ഷായ്‌ക്ക് തിരിച്ചടിയായത്. പൃഥ്വി ഷായുടെ അഭാവത്തില്‍ മുരളി വിജയ്- കെ.എല്‍. രാഹുല്‍ സഖ്യം ഓപ്പണ്‍ ചെയ്യും. ഡിസംബര്‍ ആറിന് അഡ്ലെയ്ഡിലാണ് ആദ്യ ടെസ്റ്റ്.
ആദ്യ ടെസ്റ്റില്‍ പൃഥ്വി കളിക്കില്ലെന്ന് ബിസിസിഐയാണ് അറിയിച്ചത്. സന്നാഹ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു ഷായ്‌ക്ക് പരിക്കേറ്റത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ താരം മാക്‌സ് ബ്രയന്റിന്റെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടതുകാല്‍ക്കുഴയ്‌ക്ക് പരിക്കേറ്റ പൃഥ്വിയെ ഇന്ത്യന്‍ ഒഫീഷ്യലുകള്‍ എടുത്താണ് ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയത്.തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റിയ താരത്തെ സ്‌കാനിങ്ങിനു വിധേയനാക്കിയിരുന്നു. ക്രച്ചസിന്റെ സഹായത്തോടെയാണ് താരം ഇപ്പോള്‍ നടക്കുന്നത്.
നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അരങ്ങേറ്റത്തില്‍ തന്നെ പൃഥ്വി ഷാ സെഞ്ചുറി നേടിയിരുന്നു. കൂടാതെ ന്യൂസിലാന്‍ഡിനെതിരായ അനൗദ്യോഗിക ടെസ്റ്റിലും തകര്‍പ്പന്‍ ഫോമിലായിരുന്നു. സിഡ്‌നിയില്‍ നടന്നുകൊണ്ടിരിക്കുന്ന സന്നാഹ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയതിനു പിന്നാലെയാണ് പരിക്കേറ്റത്.
















