ന്യൂദല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ രമേശ് പൊവാറിന്റെ സ്ഥാനം തെറിച്ചു. ഇന്നലെ അവസാനിച്ച പൊവാറിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചു. പൊവാറിന് പകരക്കാരനെ കണ്ടെത്താന്‍ ബിസിസിഐ അപേക്ഷ ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ ആഗസ്റ്റില്‍ തുഷാര്‍ അറോറയ്‌ക്ക് പകരക്കാരനായാണ് രമേശ് പൊവാര്‍ വനിതാ ടീമിന്റെ പരിശീലകനായത്.
മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിനെ അകാരണമായി ട്വന്റി-20 ലോകകപ്പ് സെമിഫൈനലില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് പൊവാറിന്റെ കരാര്‍ പുതുക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചത്. പരിശീലകന്റെ നടപടിക്കെതിരെ മിതാലി ബിസിസിഐക്കു നല്‍കിയ കത്ത് പുറത്തു വന്നതോടെ സംഭവം വിവാദമായി.
എന്നാല്‍ മിതാലിയുടെ മോശം പ്രകടനവും സ്വഭാവവും കാരണമാണ് അവരെ പുറത്താക്കിയതെന്നായിരുന്നു പൊവാറിന്റെ വിശദീകരണം. ഇതിനെതിരെ കായിക പ്രേമികളും മുന്‍ ഇന്ത്യന്‍ താരങ്ങളും രംഗത്തുവന്നിരുന്നു.
















