ന്യൂദല്‍ഹി: അയോധ്യ കേസ് നീട്ടിവച്ച് സുപ്രീം കോടതിയിലെ ചില ജഡ്ജിമാര്‍ വിശ്വാസികള്‍ക്ക് നീതി നിഷേധിക്കുന്നെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. കേസ് വൈകിപ്പിക്കുന്നത് മൂന്ന് ജഡ്ജിമാരാണ്. അവരുടെ പേരുകള്‍ പറയുന്നില്ല. രാജ്യത്തെ മുഴുവനാളുകള്‍ക്കും അത് ആരെന്നറിയാം. പഞ്ചാബ് സര്‍വകലാശാലയിലെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്ര നിര്‍മാണത്തിനായി നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് സര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിക്കാത്തത്. എന്നാല്‍, ഇതിനെതിരെ ആരെങ്കിലും സുപ്രീംകോടതിയെ സമീപിച്ചാല്‍ ചീഫ് ജസ്റ്റിസ് സ്റ്റേ അനുവദിക്കാന്‍ സാധ്യതയുണ്ട്. ഈ ജഡ്ജിമാര്‍ ഇന്ത്യയെ വികലമാക്കും. വിശ്വാസങ്ങളെയും മൗലികാവകാശങ്ങളെയും ഭരണഘടനയെയും ഇല്ലാതാക്കും. സുപ്രീംകോടതിയിലെ എല്ലാവരും ഇത്തരക്കാരല്ല. രണ്ടോ മൂന്നോ പേരൊഴികെ മറ്റുള്ളവരെല്ലാം നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നരാണ്. ഏതാനും ജഡ്ജിമാരാണ് എല്ലാവര്‍ക്കും ചീത്തപ്പേരുണ്ടാക്കുന്നത്. നീതി നടപ്പാക്കാന്‍ പറ്റാത്തവര്‍ ആ സ്ഥാനത്ത് തുടരേണ്ടതുണ്ടോയെന്നും ചിന്തിക്കണം.
സുപ്രീം കോടതി ഇത്തരത്തില്‍ പെരുമാറരുത്. കേസ് വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് എന്താണ് തടസം. ജനങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കാതിരിക്കുകയും നീതി നിഷേധിക്കുകയും ചെയ്യുന്നത് നീതിന്യായ സംവിധാനത്തിലെ കറുത്ത ഏടാണ്. അയോധ്യ കേസ് പ്രധാനപ്പെട്ട വിഷയമല്ല. ഭീകരതയുമായി ബന്ധപ്പെട്ട കേസുകള്‍ പാതിരാത്രിയില്‍ കേട്ടവര്‍ സഹിഷ്ണുതയെ അവമതിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. നീതിന്യായ വ്യവസ്ഥയില്‍ ഇത്രയേറെ അതിക്രമങ്ങള്‍ നടത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് പോലും ധൈര്യമുണ്ടായിട്ടില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.
















