ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. അതിര്‍ത്തിയില്‍ തുടര്‍ച്ചയായുള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ നിലപാടില്‍ മാറ്റം ഉണ്ടായിട്ടില്ല. പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ മോദി പങ്കെടുക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജാണ് അറിയിച്ചത്.
പാക്കിസ്ഥാനില്‍ വെച്ച് നടക്കുന്ന സാര്‍ക്ക് സമ്മേളനത്തിലേക്ക് മോദിയെ പ്രത്യേകം ക്ഷണിക്കുമെന്ന് പാക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് പങ്കെടുക്കുന്നില്ലെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഇന്ത്യാ പാക് ഇടനാഴിയായ കര്‍താര്‍പൂരിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ അനൂകൂലമായാണ് പ്രതികരിച്ചത്. എന്നാല്‍ പാക് മണ്ണിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചെങ്കില്‍ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ സാധിക്കൂവെന്ന് സുഷമ സ്വരാജ് പറഞ്ഞു. ഇന്ത്യ പാക്കിസ്ഥാന്‍ നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ ഒരു പടി വെയ്‌ക്കുകയാണെങ്കില്‍ രണ്ടെണ്ണം വെയ്‌ക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും അടുത്തിടെ അറിയിച്ചിരുന്നു.
2016 സെപ്തംബര്‍ 18ലെ ഉറിയിലെ സൈനിക ആസ്ഥാനത്തിനു നേരെ ഭീകരാക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ആ വര്‍ഷം പാക്കിസ്ഥാനില്‍ നടന്ന സാര്‍ക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ കൂടി തൊട്ടുപിന്നാലെ ഇസ്ലാമബാദിലെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതോടെ പിന്നീടത് ഉപേക്ഷിച്ചു.
















