കൊളംബോ: അവസാന ടെസ്റ്റില്‍ 42 റണ്‍സിന് വിജയിച്ച് ഇംഗ്ലണ്ട് ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര തൂത്തുവാരി 3-0. 327 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്ത ശ്രീലങ്ക നാലാം ദിനം ചായക്കുശേഷം 284 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍: ഇംഗ്ലണ്ട് 336, 230, ശ്രീലങ്ക 240, 284.
നാലിന് അമ്പത്തിമൂന്ന് റണ്‍സെന്ന സ്‌കോറിനാണ് ശ്രീലങ്ക നാലാം ദിനത്തില്‍ രണ്ടാം ഇന്നിങ്ങ്‌സ് പുനരാരംഭിച്ചത്. കുശാല്‍ മെന്‍ഡിസും റോഷന്‍ സില്‍വിയും ശക്തമായി ചെറുത്തുനിന്നെങ്കിലും ടീമിനെ വിജയത്തിലേക്ക്് നയിക്കാനായില്ല.
കുശാല്‍ മെന്‍ഡിസ് 86 റണ്‍സും സില്‍വ 65 റണ്‍സും നേടി. ആറാം വിക്കറ്റില്‍ ഇവര്‍ 102 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മെന്‍ഡിസിന്റെ വിടവാങ്ങലിനുശേഷം ക്രീസിലിറങ്ങിയ മലിന്ദ പുഷ്‌കുമാരയും പൊരുതി നിന്നു. അവസാന വിക്കറ്റില്‍ സുരംഗ ലക്മലിനൊപ്പം 58 റണ്‍സ് നേടി. പുഷ്പകുമാര 42 റണ്‍സുമായി കീഴടങ്ങാതെ നിന്നു.ഇംഗ്ലണ്ടിന്റെ ലീച്ച് 72 റണ്‍സിനും മൊയിന്‍ അലി 92 റണ്‍സിനും നാലു വിക്കറ്റുകള്‍ വീതം വീഴ്്ത്തി.
ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ കളിയിലെ താരമായി. ബെന്‍ ഫോക്‌സാണ് പരമ്പരയിലെ കേമന്‍.
ശ്രീലങ്കയില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരുന്ന മൂന്നാമത്തെ ടീമാണ് ഇംഗ്ലണ്ട്. പതിനേഴ് വര്‍ഷത്തിനുശേഷമാണ് അവര്‍ ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്.
ടീമിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്ന് ശ്രീലങ്ക സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ചുവിട്ടു. ടെസ്റ്റ് താരം അശാന്ത ഡീ മെല്ലിനെ തലവനാക്കി പുതിയ സെലക്ഷന്‍ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്.
















