കോഴിക്കോട്: ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രക്ഷോഭമാരംഭിക്കുമോയെന്ന് എ.കെ. ആന്റണി. ദേവസ്വം ബോര്‍ഡിനെ റിവ്യൂ ഹര്‍ജി നല്‍കുന്നതില്‍ നിന്ന് തടഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ആന്റണി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണമല്ല സര്‍ക്കാരിന്റെ ലക്ഷ്യം. പോലീസ് രാജിലൂടെ ഭക്തരെ വെല്ലുവിളിച്ച് ശബരിമലയില്‍ കലാപം സൃഷ്ടിക്കാനാണ് നീക്കം. വിവേകവും പക്വതയുമില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.
പ്രളയം ചൂണ്ടിക്കാട്ടി ഈ തീര്‍ഥാടനകാലത്ത് വിധി നടപ്പാക്കാന്‍ സുപ്രീംകോടതിയില്‍ സാവകാശം ആവശ്യപ്പെടാമായിരുന്നു. എന്നാല്‍, മറ്റു പല സുപ്രീംകോടതി വിധികളും നടപ്പാക്കാന്‍ താത്പര്യപ്പെടാത്ത പിണറായി സര്‍ക്കാരും സിപിഎമ്മും ഭക്തരോട് പോര്‍വിളി നടത്തുന്നു. ഒരു യുവതിയെ പോലീസ് വേഷം ധരിപ്പിച്ച് മരക്കൂട്ടം വരെ എത്തിച്ചത് വിശ്വാസികളില്‍ കടുത്ത വേദനയുണ്ടാക്കി.
പിണറായിയുടെ മതേതര സര്‍ട്ടിഫിക്കറ്റ് തനിക്കാവശ്യമില്ല. പിണറായിക്കു മുന്‍പ് രാഷ്‌ട്രീയപ്രവര്‍ത്തനം തുടങ്ങിയ ആളാണ് താന്‍. സര്‍ സിപിയും ബ്രിട്ടീഷുകാരും വിചാരിച്ചിട്ട് തകര്‍ക്കാന്‍ പറ്റാത്ത കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നാണ് പിണറായി കരുതുന്നതെന്നും ആന്റണി പരിഹസിച്ചു.
















