തിരുവനന്തപുരം: സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പില്‍ താത്കാലികമായി സൃഷ്ടിച്ച അഞ്ച് തസ്തികകള്‍ സ്ഥിരപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. ജൂണ്‍ 30ന് കാലാവധി അവസാനിച്ച തസ്തികകളാണിത്. എന്നാല്‍ കേന്ദ്ര ഫണ്ടുകള്‍ ധാരാളമായി ഒഴുകുന്ന മൂന്ന് ഡയറക്ടര്‍ പോസ്റ്റുകളും മറ്റു രണ്ട് പോസ്റ്റുകളും സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ പിന്നാമ്പുറത്ത് നടന്നു വരികയാണ്. ഇതിനായി പല ഉന്നതരുടേയും ഒത്താശയുമുണ്ട്.
നിലവിലെ വകുപ്പ് ഡയറക്ടറുടെ അഴിമതികള്‍ പൂഴ്‌ത്തിവച്ചാണ് ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വകുപ്പിലെ പല ഉപകരണങ്ങള്‍ വാങ്ങിയ പ്രകാരവും അഴിമതി നടന്നിട്ടുണ്ട്. ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും സ്ഥലം മാറ്റിയും അടിച്ചമര്‍ത്തുകയാണുണ്ടായത്. അല്ലെങ്കില്‍ തന്നെ ഒരു വകുപ്പില്‍ മൂന്ന് ഡയറക്ടര്‍മാരുടേയും ഡയറക്ടര്‍ ജനറലിന്റേയും ആവശ്യകത എന്താണെന്നും തസ്തികകള്‍ കൊണ്ട് ഇതുവരെ എന്തു ഉപയോഗമാണ് സംസ്ഥാനത്തിനുണ്ടായതെന്നും പലകോണില്‍ നിന്നും ചോദ്യം ഉയരുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസം നേടിയവര്‍ പോലും പ്യൂണ്‍, ക്ലാര്‍ക്ക് തസ്തികകള്‍ക്കായി പരക്കം പായുമ്പോള്‍ ഉയര്‍ന്ന തസ്തികകള്‍ മാത്രം സൃഷ്ടിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാധ്യതയുണ്ടാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
















