ന്യൂദല്‍ഹി: മോദി വരും പോകും; പക്ഷേ രാഷ്‌ട്രം അതിന്റെ ഐക്യവും സ്ഥിരതയും ഒരിക്കലും കൈവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ സംസ്‌കാരം അമരത്വത്തോടെ തുടരുമെന്നും പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കീ ബാത്തി’ല്‍ മോദി പറഞ്ഞു. 2014 ഒക്‌ടോബറില്‍ തുടങ്ങിയ മന്‍ കീ ബാത്തിന്റെ 50-ാം എപ്പിസോഡാണ് പിന്നിട്ടത്.
സമൂഹമാധ്യമങ്ങളുടെ ഈ കാലഘട്ടത്തിലും ജനങ്ങളോട് സംവദിക്കാന്‍ റേഡിയോ തെരഞ്ഞെടുത്തത് അതിന്റെ സാധ്യത തിരിച്ചറിഞ്ഞതു കൊണ്ടാണ്. 1998-ല്‍ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന കാലത്താണത് വ്യക്തമായത്. ഇന്ത്യ ആണവ പരീക്ഷണം നടത്തിയ വാര്‍ത്ത ഹിമാചലിലെ ഒരു കുഗ്രാമത്തിലിരുന്ന് താന്‍ ശ്രവിച്ചത് ഒരു ചായക്കടക്കാരന്റെ റേഡിയോയിലൂടെയാണ്. ഒറ്റപ്പെട്ടു കിടക്കുന്ന മഞ്ഞുമൂടിയ മലമുകളില്‍ ഒരു ചായവില്‍പ്പനക്കാരന്‍ ഒരു ദിവസം മുഴുവന്‍ റേഡിയോ കേട്ടുകൊണ്ടിരിക്കുന്നത് കൗതുകമുള്ളൊരു കാഴ്ചയായിരുന്നു.
അതു വീക്ഷിച്ചപ്പോഴാണ് വാര്‍ത്തയെത്തിക്കുന്നതില്‍ റേഡിയോയ്‌ക്കുള്ള സ്വാധീനം ബോധ്യപ്പെട്ടത്. കോടിക്കണക്കിന് ആളുകളെ ബന്ധിപ്പിക്കുന്ന മാധ്യമം. ഞാന്‍ പ്രധാനമന്ത്രിയായപ്പോള്‍ ജനങ്ങളോട് സംവദിക്കാന്‍ ഏറ്റവും ശക്തമായ മാധ്യമമായി റേഡിയോ തെരഞ്ഞെടുത്തത് സ്വാഭാവികമെന്നും മോദി വ്യക്തമാക്കി.
മന്‍ കീ ബാത്തിനെ രാഷ്‌ട്രീയത്തില്‍ നിന്ന് ബോധപൂര്‍വം മാറ്റി നിര്‍ത്താറുണ്ട്. അതൊരു രാഷ്‌ട്രീയ ഉപകരണമല്ല. ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കാണ് അവിടെ പ്രാധാന്യം. അല്ലാതെ സര്‍ക്കാരിന്റേയോ തന്റെയോ നേട്ടങ്ങള്‍ ഘോഷിക്കുന്നതിനല്ല. മന്‍ കീ ബാത്തില്‍ രാഷ്‌ട്രീയം പറയില്ലെന്ന് മുമ്പേ തീരുമാനിച്ചതാണ്. സര്‍ക്കാരിനെ പുകഴ്‌ത്തില്ലെന്നതും. അതില്‍ മോദിയെന്ന പരാമര്‍ശവും വരില്ല.
മൈക്രോഫോണിന് മുമ്പിലിരുന്ന് താന്‍ പറയുന്നത് കേള്‍ക്കാന്‍ കോടിക്കണക്കിന് ശ്രോതാക്കളുണ്ടെന്നത് ഉറപ്പെങ്കില്‍ ഒരു നേതാവിന് അതിലേറെ മറ്റെന്തു വേണം. ജനങ്ങളുടെ പ്രതീക്ഷയും അഭിലാഷവും ഓരോ എപ്പിസോഡിനു മുമ്പും കത്തുകളിലൂടെയും ഫോണ്‍വിളികളിലൂടെയും ഓണ്‍ലൈന്‍ കമന്റുകളിലൂടെയും വ്യക്തമാണ്. ആശയവിനിമയത്തിന്റെ വ്യാപ്തിയും ആഴവും പരിഗണിച്ചാല്‍ റേഡിയോയുമായി താരതമ്യം ചെയ്യാന്‍ മറ്റൊരു മാധ്യമമില്ലെന്നായിരുന്നു മോദിയുടെ പരാമര്‍ശം.
ആദ്യ എപ്പിസോഡില്‍ ഖാദിയുടെ പ്രാധാന്യമായിരുന്നു അദ്ദേഹം എടുത്തുപറഞ്ഞത്. ഒരു ഖാദി ഉത്പന്നമെങ്കിലും ഉപയോഗിക്കാനും പാവപ്പെട്ട നെയ്‌ത്തുകാരെ സഹായിക്കാനുമായിരുന്നു ആഹ്വാനം. ദേശീയ, അന്തര്‍ദേശീയ, സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങള്‍ക്കൊപ്പം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, പരീക്ഷയുണ്ടാക്കുന്ന മാനസിക പിരിമുറുക്കം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വൈവിധ്യമാര്‍ന്ന വസ്തുതകള്‍ അദ്ദേഹം മന്‍കീ ബാത്തിലൂടെ ജനങ്ങള്‍ക്ക് മുമ്പിലെത്തിച്ചു. ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍. അംബേദ്ക്കറെയും അദ്ദേഹം പ്രസംഗത്തില്‍ അനുസ്മരിച്ചു. ഡിസംബര്‍ ആറ് അദ്ദേഹത്തിന്റെ മഹാനിര്‍വാണ ദിവസമാണ്. കോടിക്കണക്കിന് ഭാരതീയര്‍ക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള അധികാരം നല്‍കിയ ബാബാ സാഹബിനെ ഞാന്‍ നമിക്കുന്നു. ജനാധിപത്യം ബാബാ സാഹബിന്റെ സ്വഭാവത്തില്‍ നിറഞ്ഞുനിന്നിരുന്നു. ഭാരതത്തില്‍ ജനാധിപത്യമൂല്യങ്ങള്‍ പുറത്തുനിന്നും വന്നതല്ലെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു, മോദി തുടര്‍ന്നു.
















