കാസര്‍കോട്: മന്ത്രി പുത്രിയുടെ വിവാഹത്തിന് കാസര്‍കോടെത്തിയത് മുഖ്യമന്ത്രി ഉള്‍പ്പെടെ 17 മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫുകളും. മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ, സി. രവീന്ദ്രനാഥ്, രാജിവെക്കാന്‍ പോകുന്ന മാത്യൂ ടി. തോമസ് എന്നിവരൊഴികെ മുഖ്യമന്ത്രിയടക്കം 17 മന്ത്രിമാരും സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇന്നലെ കാസര്‍കോട്ട്. ഇവരുടെയെല്ലാം പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥ പടയും ജില്ലയിലെത്തി.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍-സാവിത്രി ദമ്പതികളുടെ മകള്‍ നീലി ചന്ദ്രനും കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ കുഞ്ഞികൃഷ്ണന്‍ നായര്‍-സരസമ്മ ദമ്പതികളുടെ മകന്‍ വിഷ്ണുവും തമ്മിലുളള വിവാഹവും എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കുണ്ടംകുഴിയിലെ സന്ദീപിന്റെ വിവാഹവും ഇന്നലെ കാസര്‍കോടായിരുന്നു നടന്നത്.
മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ ജില്ലയിലെത്താനായി നിരവധി ഉദ്ഘാടന മാമാങ്കങ്ങളും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയും ചില മന്ത്രിമാരും സഹകരണ വാരാഘോഷത്തില്‍ പങ്കെടുക്കാനും മറ്റുമായി കാസര്‍കോടെത്തിയിരുന്നു.
പ്രളയംമൂലമുള്ള സര്‍ക്കാറിന്റെ സാമ്പത്തിക ഞെരുക്കം കാരണം ആവശ്യമുള്ളിടത്ത് പോലും പണം ചിലവാക്കാന്‍ തയ്യാറാകാത്ത സര്‍ക്കാറാണ് വിവാഹചടങ്ങുകള്‍ക്കെത്താനായി ഔദ്യോഗിക പരിപാടികള്‍ തട്ടിക്കൂട്ടി ലക്ഷങ്ങള്‍ പൊതുഖജനാവില്‍ നിന്ന് പൊടിച്ചത്.
















