ന്യൂദല്‍ഹി : ജനങ്ങളില്‍ നിന്നുള്ള ശക്തിയും ഊര്‍ജ്ജവുമാണ് മന്‍ കി ബാത്ത് തുടരാനുള്ള പ്രചോദനമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടി 50ാം എപ്പിസോഡ് പൂര്‍ത്തിയാക്കിയതിന്റെ സന്തോഷവും മോദി ശ്രോതാക്കളുമായി പങ്കിട്ടു. രാഷ്‌ട്രീയം മന്‍ കീ ബാത്തില്‍ പ്രതിപാദിക്കില്ലെന്ന് ആരംഭത്തില്‍ തന്നെ തീരുമാനിച്ചതാണ്. അത് ഇത്രയും എപ്പിസോഡുകളില്‍ തുടരാന്‍ സാധിച്ചിട്ടുണ്ട്. മന്‍ കീ ബാത്തില്‍ അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരിനേയോ മോദിയേയോ പുകഴ്‌ത്താന്‍ ശ്രമിച്ചിട്ടില്ല.
മന്‍ കീ ബാത്തിലെ വിവരങ്ങള്‍ പങ്കുവെയ്‌ക്കുന്നതിന് മാധ്യമങ്ങളോടും മോദി നന്ദി അറിയിച്ചിട്ടുണ്ട്. 1998ലെ ഹിമാചല്‍ പ്രദേശ് യാത്രയില്‍ നിന്നാണ് മന്‍ കീ ബാത്തിനെ കുറിച്ചുള്ള ആശയം ഉണ്ടായത്. അവിടുത്തെ കടക്കാര്‍ക്കും മറ്റും വിവരങ്ങളും വാര്‍ത്തകളും മറ്റും റേഡിയോ വഴിയാണ് ലഭിച്ചിരുന്നത്. റേഡിയോയ്‌ക്ക് നന്നായി ആശയ വിനിമയം ചെയ്യാന്‍ സാധിക്കുമെന്ന് തിരിച്ചറിവാണ് ഈ പരിപാടിക്കാധാരം.
അതേസമയം യുവാക്കളുടെ സ്വപ്‌നത്തിലാണ് ഭാരതത്തിന്റെ ഭാവിയെന്നും മോദി പറഞ്ഞു. ഒരു സമയം ഒത്തിരി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നവരാണ് ഇന്നത്തെ യുവാക്കള്‍. ഇത് ഒരു കഴിവാണ്. ഇവരുടെ സ്വപ്‌നങ്ങളും വലുതാണ്. ഇത്തരത്തില്‍ സ്വപ്‌നം കണ്ടാല്‍ മികച്ച വിജയം സ്വന്തമാക്കാം. അതാണ് പുതിയ ഇന്ത്യയെന്നും പ്രധാനമന്ത്രി അറിയിച്ചു.
കൂടാതെ പാക്കിസ്ഥാനുമായുള്ള ദേര ബാബ നാനക്- കര്‍താര്‍പൂര്‍ തീര്‍ത്ഥാടക ഇടനാഴി നിര്‍മിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സുപ്രധാനമാണ്. ഗുരു നാനാക് ദേവിന്റെ പരിശുദ്ധ സ്ഥലത്ത് ദര്‍ശനം നടത്തുന്നതിന് ഇന്ത്യയിലുള്ളവര്‍ക്ക് ഈ ഇടനാഴി പ്രാവര്‍ത്തികമാവുന്നതോടെ എളുപ്പത്തില്‍ സാധ്യമാവുമെന്നും മോദി കൂട്ടിച്ചേര്‍ത്തു
















