ബെംഗളൂരു : കര്‍ണാടകയിലെ മണ്ഡ്യയില്‍ സ്വകാര്യ ബസ് കനാലില്‍ വീണ് 22 പേര്‍ മരിച്ചു. മണ്ഡ്യയില്‍ നിന്നു പാണ്ഡവപുരയിലേക്കു പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
30 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. ശനിയാഴ്ച ഉച്ചയ്‌ക്കാണ് അപകടം നടന്നത്. ബസ് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. കനാലിലേക്ക് മറിഞ്ഞയുടന്‍ ബസ് മുഴുവനായി മുങ്ങിപ്പോയതും വാതിലുകള്‍ അടിഭാഗത്തായിപ്പോയതുമാണ് മരണ സംഖ്യ ഉയര്‍ത്തിയത്.
അപകടം നടന്നയുടനെ തന്നെ സമീപത്തുണ്ടായിരുന്ന കര്‍ഷകരാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ബസ് കരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി മറ്റു പരിപാടികളെല്ലാം റദ്ദാക്കി സംഭവ സ്ഥലത്തേക്കു തിരിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല.
















