മെല്‍ബണ്‍: ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യ ടീമില്‍ ചില മാറ്റങ്ങളോടെ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി 20 യില്‍ വിജയം പിടിക്കാനിറങ്ങുന്നു. മെല്‍ബണില്‍ ഇന്ത്യന്‍ സമയം ഇന്ന്് ഉച്ചകഴിഞ്ഞ് 1.20 ന് മത്സരം ആരംഭിക്കും.
കോഹ്‌ലിപ്പടയ്‌ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാകും. തുടര്‍ച്ചയായി ഏഴു ട്വന്റി 20 പരമ്പരകള്‍ നേടി കുതിക്കുന്ന ഇന്ത്യ ഇന്ന് തോറ്റാല്‍ ഓസീസിനെതിരായ പരമ്പര നഷ്ടമാകും. ഗാബയിലെ ആദ്യ മത്സരത്തില്‍ നേരിയ മാര്‍ജിന് ഇന്ത്യയെ തകര്‍ത്ത ആതിഥേയര്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിലാണ്.
തുടര്‍ച്ചയായ എട്ടാം പരമ്പര കൈപ്പിടിയിലൊതുക്കാന്‍ കോഹ്‌ലി ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. ബാറ്റിങ്ങില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന കെ.എല്‍. രാഹുലിനെ ഒഴിവാക്കിയേക്കും. ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററില്‍ 101 റണ്‍സ് നേടിയശേഷം രാഹുലിന് തിളങ്ങാനായിട്ടില്ല.
ബൗളിങ്ങ് നിരിയിലും ഇന്ത്യ മാറ്റം വരുത്തിയേക്കും. ഗാബയിലെ പച്ചപ്പുനിറഞ്ഞ പിച്ചില്‍ ക്രുണാള്‍ പാണ്ഡ്യ 55 റണ്‍സാണ് വിട്ടുകൊടുത്തത്. വിക്കറ്റും നേടാനായില്ല. ഗാബയില്‍ നിന്ന് ഏറെ വ്യതസ്ഥമായ മെല്‍ബണില്‍ പിച്ചില്‍ കോഹ്‌ലി , ട്വന്റി 20 യിലെ വിക്കറ്റ് വേട്ടക്കാരനായ ലെഗ്‌സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന് ഇന്ന് അവസരം നല്‍കുമെന്നാണ് പ്രതീക്ഷ.
നിര്‍ണായക നിമിഷങ്ങളില്‍ പിഴവുകള്‍ കുറച്ച് മത്സരത്തില്‍ മേല്‍ക്കൈ നേടാന്‍ കളിക്കാര്‍ ശ്രമിക്കണമെന്ന് ആദ്യ മത്സരം ശേഷം കോഹ് ലി പറഞ്ഞു. ഗാബയില്‍ കോഹ് ലിയും ഫീല്‍ഡിങ്ങില്‍ പരാജയപ്പെട്ടു. ആരോണ്‍ ഫിഞ്ചിന്റെ ക്യാച്ച് കൈവിട്ട കോഹ്‌ലി ഫീല്‍ഡിങ്ങില്‍ പിഴവും വരുത്തി.
ആദ്യ മത്സരത്തിലേതുപോലെ മെല്‍ബണിലെ രണ്ടാം മത്സരത്തിനും മഴ ഭീഷണിയാകുമെന്ന് സൂചനയുണ്ട്. മെല്‍ബണില്‍ കാറ്റോടുകൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.
















