കൊച്ചി: ശബരിമലയില്‍ ഭക്തജനവേട്ടയ്ക്ക് നേതൃത്വം നല്കിയ ഐ.ജി വിജയ് സാഖറെയ്ക്കും എസ്.പി യതീഷ് ചന്ദ്രയ്ക്കുമെതിരെ ഇവരുടെ പേര് എടുത്തു പറയാതെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസുകളില്‍ ആരോപണവിധേയരായ ഇവരെ ശബരിമലയില്‍ നിയോഗിച്ചത് എന്തിനാണെന്ന് ചോദിച്ച ഹൈക്കോടതി ഇവരില്‍ ഒരാളുടെ(യതീഷ് ചന്ദ്ര) ശരീരഭാഷപോലും ശരിയല്ലെന്നും നിരീക്ഷിച്ചു.
ശബരിമലയിലെത്തുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുന്ന സര്‍ക്കാര്‍ അവിടേക്ക് നിയോഗിക്കപ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പശ്ചാത്തലം കണക്കിലെടുക്കാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതിനും മറ്റുമായി ചുമതലപ്പെടുത്തിയ ഐ.ജി വിജയ് സാഖറെയ്ക്കും എസ്പി യതീഷ് ചന്ദ്രയ്ക്കുമെതിരെയാണ് പേരെടുത്തു പറയാതെ ദേവസ്വം ബെഞ്ച് വാക്കാല്‍ വിമര്‍ശനം ഉന്നയിച്ചത്.
ശബരിമലയിലെത്തുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിച്ചാണ് നടപടികളെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അവിടേക്ക് നിയോഗിക്കപ്പെട്ട പോലീസിന്റെ പശ്ചാത്തലം പരിശോധിക്കാത്തതെന്താണെന്ന് ഹൈക്കോടതി ആരാഞ്ഞു. സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ് ഒന്ന്. മറ്റൊരാള്‍ വൈപ്പിനിലെ ഐഒസിയുടെ എല്‍പിജി ടെര്‍മിനല്‍ സമരത്തിനെതിരെ ലാത്തിച്ചാര്‍ജ്് നടത്തിയതിന് ആരോപണ വിധേയനായ ഉദ്യോഗസ്ഥനും. കഴിഞ്ഞ ദിവസം ഇവരുടെ മുന്പരിചയമെന്തെന്ന് വ്യക്തമാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നതാണ്. മൈതാനങ്ങളിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിലുള്ള മുന്‍പരിചയമല്ല ചോദിച്ചത്. ശബരിമലയില്‍ ഇവരെയല്ലാതെ മറ്റാരേയും നിയമിക്കാന്‍ സര്‍ക്കാരിന് കിട്ടിയില്ലേ ? ശബരിമലയിലെത്തുന്നവര്‍ക്ക് നോട്ടീസ് നല്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത്തരക്കാരെ ചുമതലയേല്പിച്ചത്?
മലയാളത്തിലുള്ള ഉത്തരവ് വായിച്ചു മനസിലാക്കുന്നതിലുള്ള പ്രശ്നമാണോ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ളത്? സമാധാനമായി ശരണം വിളിക്കുന്നത് എങ്ങനെ തടയാന്‍ കഴിയും? നടപ്പന്തലില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ വ്യക്തമാക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ നല്കാന് കഴിയുമോ? കഴിഞ്ഞ ദിവസം ചില രാഷ്ട്രീയ നേതാക്കള്‍ എത്തിയപ്പോള്‍ അവര്‍ക്കെതിരെ എന്തുകൊണ്ടാണ് ഇവരില്‍ ഒരുദ്യോഗസ്ഥന് നടപടി എടുക്കാതിരുന്നത്. ഈ ഉദ്യോഗസ്ഥന്റെ ശരീരഭാഷ കണ്ടപ്പോള്‍ കഷ്ടം തോന്നി. ഈ വിഷയത്തില്‍ കൂടുതല്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് വ്യക്തമാക്കണം – ഡിവിഷന് ബെഞ്ച് വാക്കാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം യുഡിഎഫ് നേതാക്കള്‍ നിലയ്ക്കലിലെത്തിയപ്പോള്‍ പോലീസ് സ്വീകരിച്ച നിലപാടിനെയാണ് ഹൈക്കോടതി പേരെടുത്തു പറയാതെ വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: