തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ ആകെ 1,258 ക്ഷേത്രങ്ങള്‍, 12,000 ജീവനക്കാര്‍. ശമ്പളം നല്കണമെങ്കില് ശബരിമലയില്‍ കോടിക്കണക്കിന് രൂപയുടെ നടവരവ് വരണം.
പ്രതിഷേധത്താല്‍ വരുമാനം കുറഞ്ഞാല്‍ ശമ്പളം ഉള്‍പ്പെടെ മുടങ്ങും. പിന്നെ ബോര്‍ഡ് ഓഫീസില്‍ പ്രസിഡന്റിനും അംഗത്തിനും കയറാന്‍ പോലും സാധിക്കില്ല. ഇനി അടിയറവു പറഞ്ഞില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാകില്ല. അതിനാലാണ് ആരുമായും ചര്‍ച്ചയ്ക്ക് തയാറെന്ന നിര്‍ദ്ദേശവുമായി ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറും അംഗം ശങ്കരദാസും രംഗത്ത് വന്നത്.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് ഒരു വര്‍ഷത്തേക്ക് 264 കോടി രൂപയാണ് വേണം. 22 കോടി രൂപ വീതം 10 സ്ഥിരക്ഷേപങ്ങളായി ശമ്പളത്തിനുള്ള തുക മുന്‍കൂറായി ബാങ്കില്‍ നിക്ഷേപിക്കും. ശബരിമലയിലെ നടവരുമാനത്തില്‍ നിന്നാണ് ഈ തുക കണ്ടെത്തുന്നത്.
നവംബര്‍, ഡിസംബറിലെ മേജര്‍ ക്ഷേത്രങ്ങളിലുള്ള വരുമാനം പിന്‍വലിച്ചാണ് ശമ്പളം നല്‍കുന്നത്. ശബരിമല സീസണ് കഴിയുമ്പോള്‍ ഈ തുക തിരികെ നല്‍കും. എന്നാല്‍, പ്രതിഷേധത്തെത്തുടര്‍ന്ന് ഈ മാസം 18 വരെ 4.64 കോടി രൂപയാണ് വരുമാനയിനത്തില്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ചത്. കഴിഞ്ഞ സീസണില്‍ ലഭിച്ചത് 11.91 കോടി രൂപ. ഇങ്ങനെ പോയാല്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം താളംതെറ്റുമെന്ന് ബോര്‍ഡ് ഭയക്കുന്നു. അതിനാല്‍, കടുംപിടിത്തം വേണ്ടെന്ന ബോര്‍ഡിന്റെ അഭ്യര്‍ഥന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുകയായിരുന്നു.
സന്നിധാനത്ത് സ്വാമിശരണം വിളിച്ചാല്‍ പോലീസ് പിടികൂടുമെന്ന വാര്‍ത്ത ലോകമെങ്ങും പരന്നു. സംസ്ഥാനത്ത് നിന്നുള്ള പ്രതിഷേധത്തെക്കാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഇതിനെതിരെ പ്രതിഷേധമുയരുന്നത്. രാജ്യമെങ്ങുമുയര്‍ന്ന പ്രതിഷേധം ബോര്‍ഡിന്റെ കണ്ണുതുറപ്പിച്ചു.
മഹാരാഷ്ട്രയില്‍ നിന്നെത്തിയ 110 അയ്യപ്പഭക്തര്‍ ശബരിമലയില്‍ ദര്‍ശനം നടത്താതെ തിരികെ പോയത് ബോര്‍ഡിന് നാണക്കേടുണ്ടാക്കി. ദര്‍ശനത്തിന് അനുവദിക്കുന്ന സമയം മതിയാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തീര്‍ഥാടകര്‍ മടങ്ങിയത്. ഇത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടക വരവില്‍ കുറവുണ്ടാക്കും. ആഭ്യന്തര തീര്‍ഥാടകരെക്കാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരില്‍ നിന്നാണ് വരുമാനം കൂടുതല്‍ ലഭിക്കുന്നതെന്നും ബോര്‍ഡിന് നന്നായറിയാം. അതിനാല്‍, സുപ്രീംകോടതിയില്‍ നല്കിയ സാവകാശ ഹര്‍ജി പോലെ ഇവിടെയും സമവായം വേണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: