പൊന്‍കുന്നം: ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ പൊന്‍കുന്നത്ത് തടഞ്ഞു. കോട്ടയത്ത് നിന്നും കെഎസ്ആര്‍ടിസി ബസ്സില്‍ എത്തിയ ആന്ധ്ര വിജയവാഡ സ്വദേശിനി ഷൈലജയെയാണ് അഞ്ഞൂറോളം ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞത്.
കോട്ടയത്തു നിന്ന് യുവതി പമ്പയിലേക്കുള്ള ബസില്‍ കയറിയിട്ടുണ്ടെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്നാണ് പൊന്‍കുന്നത്ത് കര്‍മസമിതി പ്രവര്‍ത്തകരെത്തിയത്. ബസിന് മുന്പില് പ്രവര്‍ത്തകര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. പൊന്‍കുന്നം പോലീസും സ്ഥലത്തെത്തിയിരുന്നു. പോലീസും പ്രവര്‍ത്തകരും യുവതിയുമായി സംസാരിച്ചതിനെ തുടര്‍ന്ന് എരുമേലിയില്‍ യാത്ര അവസാനിപ്പിക്കുമെന്ന് ഉറപ്പ് കിട്ടിയതോടെയാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്.
എരുമേലിയിലും ഭക്തരുടെ കനത്ത പ്രതിഷേധമുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ പൊലീസ് യുവതിയെ കാഞ്ഞിരപ്പള്ളിയിലിറക്കി. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി എസ്ഐ അന്‍സിലിന്റെ നേതൃത്വത്തില്‍ പോലീസ് ജീപ്പില്‍ എരുമേലിക്ക് കൊണ്ടുപോയി. സഹോദരങ്ങളായ സേവ, ശിവ, കിരണ്‍ എന്നിവര്‍ക്കൊപ്പമാണ് ഷൈലജ എത്തിയത്. പ്രതിഷേധം ശക്തമായതിനാല്‍ ഇവര്‍ സന്നിധാനത്തേക്കില്ലെന്നും കൂടെയുള്ളവര്‍ ശബരിമല ദര്‍ശനം നടത്തി തിരിച്ചുവരുന്നത് വരെ എരുമേലിയില്‍ തങ്ങിയ ശേഷം മടങ്ങിപ്പോകുമെന്നുമാണവര് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: