ബ്രിസ്ബെയ്ന്‍: പടിക്കെട്ടില്‍ കലമുടച്ച് ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ ട്വന്റി-20 മത്സരത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ഓസീസ് ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യത്തോട് പൊരുതിയെങ്കിലും നാല് റണ്‍സ് അകലെ വച്ച് ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു, ഫലം പരാജയം. അവസാന ഓവറില്‍ 11 റണ്‍സ് ആവശ്യമായിരുന്ന ഇന്ത്യക്ക് ഏഴു റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്യാന്‍ സാധിച്ചത്.
സ്റ്റോയിനസ് എറിഞ്ഞ അവസാന ഓവറില്‍ കൃണാല്‍ പാണ്ഡ്യയും (2) ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ദിനേഷ് കാര്‍ത്തിക്കും (30) അടുത്തടുത്ത പന്തുകളില്‍ പുറത്തായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 11.4 ഓവറില്‍ 105 ന് നാല് എന്ന നിലയില്‍ പതറിയ ഇന്ത്യയെ കാര്‍ത്തിക്കും ഋഷഭ് പന്തും (20) ചേര്‍ന്ന് വിജയത്തിന്റെ പടിക്കെട്ടിലെത്തിച്ചിരുന്നു.
ഓസീസ് പേസര്‍മാരെ നിര്‍ഭയം നേരിട്ട ഇരുവരും തോല്‍വിയുടെ വിളുമ്ബില്നിന്നും ഇന്ത്യയെ ആവേശക്കൊടുമുടികയറ്റി. ഈ സഖ്യം 24 പന്തില്‍ 51 റണ്‍സാണ് അടിച്ചെടുത്തത്. പന്ത് 15 ബോളില്‍നിന്നാണ് 20 റണ്‍സെടുത്തത്. കാര്‍ത്തിക്ക് 13 പന്തില്‍ നാല് ഫോറും ഒരു സിക്സറുമായി ആവേശം അവസാന ഓവര്‍ വരെ എത്തിച്ചു.
എന്നാല്‍ സ്റ്റോയിനസിന്റെ അവസാന ഓവര്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഏഴു റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റുകള്‍ പിഴുത സ്റ്റോയിനസ് കളി ഓസിസ് കളത്തിലെത്തിച്ചു. മഴമൂലം 17 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് (76) പൊരുതാന്‍ അടിത്തറ ഒരുക്കിയത്. 42 പന്തില്‍ 10 ഫോറും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിംഗ്സ്. ധവാനെ മൂന്നു തവണ ഓസീസ് കൈവിട്ടെങ്കിലും കളി കൈവിട്ടില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (4) രോഹിത് ശര്‍മയും (7) വേഗം മടങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് 17 ഓവറില്‍ നാല് വിക്കറ്റിന് 158 റണ്‍സ് നേടി. ഡെക്ക്വര്‍ത്ത്-ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 174 റണ്‍സായി പുനര്‍ നിശ്ചയിക്കുകയായിരുന്നു.
24 പന്തില്‍ നാല് സിക്സറുകള്‍ ഉള്‍പ്പടെ 46 റണ്‍സ് അടിച്ചുകൂട്ടിയ ഗ്ലെന്‍ മാക്സ്വെല് ആണ് ഓസീസ് വെടിക്കെട്ടിന് മുന്നില്‍ നിന്നത്. ക്രിസ് ലിന് (37), മാര്‍ക്കസ് സ്റ്റോയിനസ് (പുറത്താകാതെ 33), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (27) എന്നിവരും തിളങ്ങി. മാക്സ്വെല്-സ്റ്റോയിനസ് സഖ്യം മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് മഴയെത്തിയത്.
16.1 ഓവര്‍ എത്തിയപ്പോഴേയ്ക്കും മഴയെത്തി. പിന്നെ മഴ മാറിയതോടെ മത്സരം 17 ഓവറാക്കി വെട്ടിച്ചുരുക്കുകയും ചെയ്തു. സ്റ്റോയിനസ്-മാക്സ്വെല് സഖ്യം 78 റണ്‍സ് അതിവേഗം നേടിയതാണ് ഓസീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങിയ ക്രുനാല്‍ പാണ്ഡ്യയാണ് ഇന്ത്യന്‍ നിയില്‍ ഏറ്റവും അധികം തല്ലു വാങ്ങിയത്. പാണ്ഡ്യയ്ക്കെതിരേ ആറ് സിക്സറുകളാണ് ഓസീസ് ബാറ്റ്സ്മാന്മാര് നേടിയത്. ഖലീല്‍ അഹമ്മദ് മൂന്ന് ഓവറില്‍ 42 റണ്‍സ് വഴങ്ങി. കുല്‍ദീവ് യാദവ് രണ്ടു വിക്കറ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: