ബ്രിസ്ബേന്‍: ചെറു പൂരത്തിന് തിരികൊളുത്തി ഇന്ത്യയുടെ ഓസീസ് പര്യടനം തുടങ്ങുകയായി. ജനുവരി പകുതിവരെ നീളുന്ന മത്സരപരമ്പരകളിലെ ആദ്യ ട്വന്റി 20 മത്സരം ഇന്ന് ഗാബാ സ്റ്റേഡിയത്തില്‍ അരങ്ങേറും. ഉച്ചകഴിഞ്ഞ് 1.20 ന് കളി തുടങ്ങും.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരിയതിന്റെ ആവേശത്തിലാണ് ഇന്ത്യ കുട്ടിപ്പൂരത്തിന് വെടിക്കെട്ടു തീര്‍ക്കാന്‍ ഇറങ്ങുന്നത്. വിന്‍ഡീസിനെതിരെ വിട്ടുനിന്ന വിരാട് കോഹ് ലി നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയത് ടീമിനെ ഏറെ ശക്തമാക്കി. നിലവില്‍ ട്വന്റി 20 യില്‍ ലോക രണ്ടാം റാങ്കുകാരാണ് ഇന്ത്യ. ഓസീസ് മൂന്നാം റാങ്കിലും.
പാക്കിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയ ഓസീസ് വിജയത്തിലേക്ക് പിടിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യക്കെതിരെ പോരിനിറങ്ങുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് ഒരു വര്‍ഷം വിലക്കപ്പെട്ട മുന്‍ നായകന് സ്റ്റീവ് സ്മിത്ത്, മുന്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ അഭാവം ഓസീസിന്റെ പ്രകടനങ്ങളെ ബാധിക്കുന്നുണ്ട്.
ആരോണ്‍ ഫിഞ്ച് നയിക്കുന്ന ഓസീസ് ടീമിനെ ഇന്ത്യക്കെതിരെ പിടിച്ചുനില്‍ക്കാനാകുമോയെന്ന് കണ്ടറിയണം. രോഹിതിന്റെ നായകത്വത്തില്‍ വീന്‍ഡീസിനെ 3-0 ന് തകര്‍ത്തുവിട്ട ഇന്ത്യന്‍ ടീം അതിശക്തമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരു പോലെ മികവ് കാട്ടാന്‍ കഴിയുന്ന ടീമാണ് കോഹ്ലിയുടെ ഇന്ത്യ.
ഗാബയിലെ ബൗണ്‍സുള്ള പിച്ചുകളില്‍ അപകടം വിതറാന്‍ കഴിയുന്ന പേസ് നിരയാണ് ഇന്ത്യക്കുള്ള
ത്. ജസ്പ്രീത് ബുംറ , ഭുവനേശ്വര്‍ കുമാര്‍ , ഖലീല്‍ അഹമ്മദ് തുടങ്ങിയവര്‍ ആരോണ്‍ ഫിഞ്ചിനും കൂട്ടര്‍ക്കും വെല്ലുവിളിയാകും. യുസ്വേന്ദ്ര ചഹലും കുല്‍ദീപ് യാദവുമാണ് സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റിലെ കരുത്തര്‍.
ബാറ്റിങ്ങില്‍ നായകന് കോഹ്ലി, ഉപ നായകന് രോഹിത് ശര്‍മ, ധവാന്, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് തുടങ്ങിയവരാണ് ശക്തികേന്ദ്രം.
ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ഓസീസിന്റെ കരുത്ത്. ഡിആര്‍സി ഷോട്ട്, ക്രിസ് ലിന്, ഗ്ലെന്‍ മാക്സ്വെല്, മാര്‍കസ് സ്റ്റോയ്നിസ് തുടങ്ങിയവര്‍ ക്യാപ്റ്റന്‍ മികച്ച പിന്തുണ നല്‍കും. ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന മിച്ചല്‍ സ്റ്റാര്‍ക്ക് , ജോഷ് ഹെയ്സല്‍വുഡ്, പാറ്റ് കുമിന്‍സ് , നഥാന്‍ ലീയോണ് തുടങ്ങിയവരുടെ അഭാവം ഓസീസിന്റെ ബൗളിങ്ങിനെ ബാധിച്ചേക്കും.
ഇന്ത്യയും ഓസീസും ഇതുവരെ പതിനഞ്ച് ട്വന്റി 20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ പത്തെണ്ണത്തിലും ഇന്ത്യയാണ് വിജയം നേടിയത്. അഞ്ചു മത്സരങ്ങളില്‍ ഓസീസും വിജയം നേടി.
ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം വെളളിയാഴ്ച മെല്‍ബണിലും അവസാന മത്സരം ഞായറാഴ്ച് സിഡ്നിയിലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: