സൂത്രം വിതസ്തി സുസ്നിഗ്ധം
നാസാനാളേ പ്രവേശയേത്
സുഖാന്നിര്ഗമയേച്ചൈഷാ
നേതിഃ സിദ്ധൈര്‍ നിഗദ്യതേ (2-29)
മിനുസമുള്ള ഒരു ചാണ് നീളമുള്ള നൂല് നാസാദ്വാരത്തില്‍ കടത്തി തിരിച്ചെടുക്കുന്നതാണ് നേതി.
കപാലശോധിനീ ചൈവ
ദിവ്യദൃഷ്ടിപ്രദായിനി
ജത്രൂര്ദ്ധ്വജാത രോഗൗഘം
നേതിരാശു നിഹന്തി ച (2-30)
തലയോട്ടി ശുദ്ധീകരിക്കുന്നതും ദിവ്യദൃഷ്ടി നല്‍കുന്നതും കഴുത്തിനു മേലുള്ള രോഗങ്ങള്‍ മാറ്റുന്നതുമാണ് നേതി. വിതസ്തി എന്നാല്‍ ഒരു ചാണ്. പക്ഷെ, വ്യാഖ്യാനത്തില്‍ ബ്രഹ്മാനന്ദന് പറയുന്നത് വേണ്ടത്രയും നീളം എന്നാണ്. മിനുസമുള്ളതാവണം. ഇടയില്‍ കെട്ടുണ്ടാവരുത്. ഉറപ്പു വേണം. അഞ്ചോ പത്തോ ഇഴ പിരിച്ചു ചേര്‍ക്കാം. അതിന്റെ അറ്റം ഉരുകിയ മെഴുകില്‍ മുക്കി ഋജു ആക്കണം. അത് മൂക്കിന്റെ ഒരു ദ്വാരത്തിലൂടെ മൃദുവായി തിരുകി കയറ്റുക. ഒപ്പം മറു ദ്വാരം അടച്ച് ശ്വാസവും എടുക്കുക. അപ്പോള്‍ എളുപ്പത്തില്‍ കയറും. വായയുടെ പിന്‍ഭാഗത്ത് എത്തുമ്പോള്‍ വായിലൂടെ പുറത്തേക്ക് ശ്വാസം വിട്ട് രണ്ടു വിരല്‍ വായില്‍ കടത്തി നൂലിന്റെ അറ്റം പുറത്തെടുക്കുക. മൂക്കില്‍ ബാക്കിയുള്ള അറ്റവും വായിലൂടെ കിട്ടിയ അറ്റവും പിടിച്ച് അകത്തേക്കും പുറത്തേക്കും സാവധാനത്തില്‍ വലിക്കുക. അപ്പോള്‍ മൂക്കിന്റെ അകവശം വൃത്തിയാകും. ഇതു തന്നെ ഒരു മൂക്കിലൂടെ ശ്വാസമെടുത്തുകൊണ്ട് നൂല് കുറച്ചു കയറ്റി ശ്വാസം വിട്ടു കൊണ്ട് മറു മൂക്കിലൂടെ പുറത്തെടുത്ത് രണ്ടറ്റവും വലിച്ച് വൃത്തിയാക്കുന്ന രീതിയും ഉണ്ട്.
എന്നാല്‍ ഇപ്പോള്‍, ആശുപത്രികളില്‍ ഉപയോഗിക്കുന്ന 30 ഇഞ്ച് നീളമുള്ള ചെറിയ റബ്ബര്‍ ട്യൂബാണ് ( കത്തീറ്റര്‍) നേതിക്കുപയോഗിക്കുന്നത്. ഇത് മൃദുവാണ്. ഒരറ്റം തുറന്നതും മറ്റേ അറ്റം അടഞ്ഞു മിനുത്തതുമാണ്. നൂല് പരുക്കനാണെങ്കില്‍ മുറിയാന്‍ സാധ്യതയുണ്ട്. മൂക്കില്‍ കടത്താനും ബുദ്ധിമുട്ടുണ്ട്. വൃത്തിയാക്കി സൂക്ഷിക്കാനും പ്രയാസമുണ്ട്.
ഘേരണ്ഡ സംഹിതയില്‍ മേല്‍പ്പറഞ്ഞ നേതിക്ക് സൂത്ര നേതി എന്നാണ് പേര്. സൂത്രം എന്നാല്‍ നൂല്. ഇതു കൂടാതെ ജലനേതിയും പറഞ്ഞിട്ടുണ്ട്.
വെള്ളം കൊണ്ട് മൂക്കിന്റെ ഉള്‍ഭാഗം കഴുകുന്നതാണ് ജല നേതി. ഇതിന് കിണ്ടി പോലെ വാലുള്ള ചെറിയ പാത്രം ആവശ്യമാണ്. പ്ലാസ്റ്റിക്കിന്റെ നേതിപ്പാത്രം വാങ്ങാന്‍ കിട്ടും. അതില്‍ സ്വല്പം ഉപ്പു ചേര്‍ത്ത ഇളം ചൂടുള്ള വെള്ളം എടുത്ത് ഒരു മൂക്കില്‍ അതിന്റെ വാല് കയറ്റുക. ദ്വാരം അടയണം. തല വേണ്ടപോലെ ചരിച്ചു വെള്ളം കയറ്റുക. അപ്പോള്‍, കയറിയ വെള്ളം മറുദ്വാരത്തിലൂടെ പുറത്തേക്കൊഴുകും. ഈ സമയം ശ്വാസം വായിലൂടെയാവണം. പിന്നെ മൂക്ക് ചീറ്റണം. മൂക്കിന്റെ ഉള്‍ഭാഗം വൃത്തിയാകും. ഇത് രണ്ടു മൂക്കിലും പ്രയോഗിക്കണം. പ്രയോഗത്തില്‍ കുറവാണെങ്കിലും വെള്ളത്തിനു പകരം പാലോ നെയ്യോ ഉപയോഗിച്ചും നേതി ചെയ്യാം. ദുഗ്ധ (പാല്) നേതി, ഘൃത നേതി (നെയ്യ്) എന്നിങ്ങനെ ഇവയ്ക്കു പേര്. (ആയുര്‍വേദത്തിലെ നസ്യ പ്രയോഗം ഒരുതരം നേതി തന്നെ )
ഇതിന്റെ കുറച്ചു കൂടി സങ്കീര്‍ണരൂപമാണ് മൂക്കിലൂടെ വെള്ളം കുടിച്ച് വായിലൂടെ തുപ്പിക്കളയുന്നത്. അഭ്യാസം കൊണ്ട് ഇത് സാധിക്കാവുന്നതേ ഉള്ളൂ. ഇതിലും അല്പം കൂടി സങ്കിര്‍ണമാണ് വായില്‍ വെള്ളം നിറച്ച് മൂക്കിലൂടെ പുറത്തു കളയുന്നത്.
ഞരമ്പുകള്‍ക്ക് നേരിട്ട് സ്പര്‍ശമുള്ള ഭാഗമാണ് മൂക്കിന്റെ ഉള്‍വശം. ജലദോഷം, തലവേദന, കണ്ണിന്റെ അസുഖം ഇവയ്ക്ക് വലിയ ഗുണം നല്‍കുന്നതാണ് നേതി. കണ്ണിന്നു വളരെ ഗുണകരമാണ്. അതാണ് ദിവ്യദൃഷ്ടി എന്നു പറഞ്ഞത്. കഴുത്തിന് മേലെയുള്ള രോഗങ്ങള്‍ക്കെല്ലാം(ജത്രു എന്നാല്‍ ചുമല്. ജത്രൂര്ദ്ധ്വം എന്നാല്‍ ചുമലിന്റെ മേല്‍ഭാഗം) നല്ലതാണെന്ന് ഫലശ്രുതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: