ശബരിമല തീര്‍ഥാടനത്തില്‍ ഒരു പ്രധാനാംശമാണ് ‘കെട്ടുമുറുക്ക്’ എന്ന കര്‍മം. ഈ ചടങ്ങ് ഏതെങ്കിലും പ്രത്യേക ദിവസമേ നിര്‍വഹിക്കാവൂ എന്ന് നിര്‍ബന്ധമില്ല. ശനി, ബുധന്‍ എന്നീ ദിവസങ്ങള്‍ ശുഭപ്രദമാണ്.
അവനവന്റെ സ്ഥിതിക്കനുസരിച്ച് വാദ്യഘോഷങ്ങള്‍, അന്നദാനം മുതലായവയോടുകൂടിയാണ് കെട്ടുമുറുക്ക് നിര്‍വഹിക്കുക. എത്ര നിരാഡംബരമായും ഇതു നിര്‍വഹിക്കാവുന്നതാണ്. കെട്ടുനിറയ്ക്കുന്ന സഞ്ചിയുടെ പേര് ‘ഇരുമുടി’ എന്നാണ്. ഇരുമുടിയില്‍ മുന്കെട്ടെന്നും പിന്കെട്ടെന്നും രണ്ടുപ്രധാന ഭാഗങ്ങള്‍ ഉണ്ട്. നടുക്ക് മൂന്നാമതൊരറ കൂടി ഉണ്ടാക്കാം. ഇതിനെ നടുക്കെട്ടെന്നു പറയുന്നു. ഒരയ്യപ്പനാവശ്യമുള്ള മിക്ക സാധനങ്ങളും ഈ ഇരുമുടിക്കെട്ടില്‍ കൊള്ളിക്കാം.
സ്വാമിക്ക് അഭിഷേകത്തിനുള്ള നെയ്ത്തേങ്ങ, കര്‍പ്പൂരം, സ്വാമിക്കുള്ള അവല്, മലര്, പൊടികള്‍, കാണിക്ക, വഴിപാടുസാമാനങ്ങള്, അരി തുടങ്ങിയവയും സ്വാമിപൂജയ്ക്കുള്ള മറ്റു സാധനങ്ങളും മുന്‍കെട്ടില്‍ നിറയ്ക്കുന്നു. പിന്‍കെട്ടില്‍, ഭക്ഷണത്തിനുള്ള പദാര്‍ഥങ്ങള്‍, അത്യാവശ്യ സാമഗ്രികള്‍ ഇവയും നിറയ്ക്കുന്നു. പ്രധാനമായവ ചെറു സഞ്ചികളില്‍ നിറച്ചാണ് കെട്ടില്‍ നിക്ഷേപിക്കുന്നത്. ആകയാല്‍ ഇരുമുടിക്കൊപ്പം മറ്റു ചെറു സഞ്ചികളും കരുതണം. മുന്‍കെട്ട് എപ്പോഴും ദിവ്യമായിത്തന്നെ കരുതുന്നു.
കെട്ടുമുറുക്കുന്ന ദിവസത്തിനു മുന്‍പു തന്നെ വൃത്തിയായി അലങ്കരിച്ച പന്തല്‍ നിര്‍മിക്കുന്നു. ക്ഷേത്രംപോലെ പരിശുദ്ധിയുള്ള സ്ഥലത്തു വച്ചേ കെട്ടുമുറുക്കാറുള്ളൂ. ചിലര്‍ സൗകര്യാര്‍ഥം ക്ഷേത്രസങ്കേതങ്ങളില്‍ വച്ചും കെട്ടുമുറുക്കാറുണ്ട്. പന്തല്‍ അലങ്കരിച്ച് നിറപറ, വിളക്കുകള്‍ മുതലായവ തയാറാക്കാവുന്നതാണ്. ഭദ്രദീപം, അവല്, മലര്, നാളികേരം മുതലായവ മാത്രമായാലും പോരായ്കയില്ല. അന്നദാനം നടത്തി മഹാജന അനുഗ്രഹം നേടിയ അയ്യപ്പന്, വിളക്കുകൊളുത്തിവച്ചു ഗുരുവിന്റെ ആജ്ഞാനുസരണം ലക്ഷണയുക്തമായ നാളികേരത്തില്‍ സ്വാമിക്കഭിഷേകത്തിനുള്ള നെയ്യ് നിറച്ചു തയാറാക്കിവെയ്ക്കുന്നു.
ഏറ്റവും ഭക്തിയോടുകൂടി സ്വാമിയെ സ്മരിച്ചും ശരണംവിളിച്ചും വേണം ഏതു കര്‍മവും. അനന്തരം സ്വാമിയെ ധ്യാനിച്ച് ഉച്ചത്തില്‍ ശരണം വിളിച്ച,് വെറ്റില, പാക്ക്, നാണയം, നാളികേരം ഇവ ഒരുമിച്ച് മാര്‍വിടത്തില്‍ ചേര്‍ത്തുപിടിച്ച് സ്വാമിയെ തന്റെ പള്ളിക്കെട്ടില്‍ ആവാഹിച്ചു പ്രതിഷ്ഠിക്കുന്നു എന്നു ധ്യാനിച്ച് മുന്‍കെട്ടില്‍ സ്ഥാപിക്കുന്നു. അങ്ങനെ കെട്ട് സ്വാമി സാന്നിധ്യത്താല്‍ ചൈതന്യമുള്ളതായി ഭവിക്കുന്നു. പിന്നീട് ഭക്തിപു
രസ്സരം മൂന്നുപ്രാവശ്യം കൈനിറയെ അരി വാരിയിട്ട് മുന്‍ കെട്ടു നിറയ്ക്കുന്നു. തുടര്‍ന്ന് സ്വാമിയുടെ മുദ്ര, അതായത് നെയ്ത്തേങ്ങ ഭദ്രമായി അതില്‍ വയ്ക്കുന്നു. ഇത്രയും ചെയ്ത ശേഷം വഴിപാടു സാമഗ്രികള്‍ പ്രത്യേകമായി നിക്ഷേപിക്കുന്നു. അനന്തരം പെരിയസ്വാമി അഥവാ ആചാര്യന് ആ കെട്ടുമുറുക്കി കെട്ടുന്നു. അതിനുശേഷം കേരബലിക്കുള്ള നാളികേരങ്ങളും മറ്റു പദാര്‍ഥങ്ങളും ഇട്ടു പിന്‍കെട്ടും നിറച്ചു മുറുക്കിക്കെട്ടുന്നു. പിന്നീട് കെട്ട് ശരിയായി കെട്ടി തയാറാക്കുന്നു. ഇത്രയും ആയാല്‍ ഒരയ്യപ്പന്റെ പള്ളിക്കെട്ട് മുറുക്ക് കഴിഞ്ഞു.
പിന്നീട് ഗുരുദക്ഷിണ സമര്‍പ്പിക്കുന്നു. ”താന്‍ മുദ്ര ധരിച്ചതില്‍ പിന്നീട് അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകള്‍ ക്ഷമിച്ച്, ദര്‍ശന പുണ്യം നല്കി, ഭക്തിയോടും സത്യത്തോടും ജീവിക്കുന്നതിന് അനുഗ്രഹിക്കണേ” എന്നുറക്കെ വിളിച്ചുപറഞ്ഞ് കെട്ടിന്‍പുറത്ത് വെറ്റില, പാക്ക്, പണം ഇവ ദക്ഷിണ സമര്‍പ്പിച്ച് സാഷ്ടാംഗപ്രണാമം ചെയ്ത് തൊട്ടുതൊഴുത് വന്ദിക്കണം. അനന്തരം കര്‍പ്പൂരദീപം ആരാധിച്ച് പെരിയഗുരുവിന്റെ സഹായത്തോടെ കിഴക്കഭിമുഖമായി നിന്ന് ‘പള്ളിക്കെട്ട്’ തലയിലേറ്റി ശരണംവിളിച്ച് കേരബലിയും നിര്‍വഹിച്ച് ഭവനംവിട്ട് യാത്ര തിരിക്കാം.
യാത്രാവസരത്തില് സ്വാമി ശരണമെന്നല്ലാതെ മറ്റൊരു ചിന്തയും ഉണ്ടായിക്കൂടാ. തന്റെ ഭവനത്തെയോ മാതാപിതാക്കളെയോ കളത്രപുത്രാദികളേയോ തിരിഞ്ഞുനോക്കുകയോ അവരോട് യാത്രപറയുകയോ ചെയ്തുകൂടാത്തതാകുന്നു. അനിയന്ത്രിതമായ വ്യസനംകൊണ്ട് ഈ സന്ദര്‍ഭത്തില്‍ കരയുന്ന ചില ശുദ്ധഹൃദയരെ ചിലയിടങ്ങളില്‍ കാണാറുണ്ട്. സ്വാമി മന്ത്രോച്ചാരണം സര്‍വദുഃഖങ്ങളെയും അകറ്റുന്ന ദിവ്യൗഷധമായി ഉള്ളപ്പോള്‍ ഒരുവിധ ക്ലേശത്തിനും ഒരാള്‍ക്കവകാശമില്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: