കോഴിക്കോട്: ശബരിമല വിഷയത്തില്‍ നടത്തുന്ന സമരം യുവതീപ്രവേശനത്തിനെതിരല്ലെന്ന രീതിയില്‍ ഒരു സ്വകാര്യ ചാനല്‍ തന്റെ പ്രസ്താവന പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന് കുട്ടി മാസ്റ്റര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ ഉണ്ടായത് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളല്ല. ക്ഷേത്രത്തിലെത്തുന്ന അയ്യപ്പ ഭക്തന്മാര്ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന രീതിയില്‍ പോലീസും സര്‍ക്കാറും നിബന്ധനകള്‍ അടിച്ചേല്പിച്ചതിന്റെ ഭാഗമായുണ്ടായ പ്രശ്നങ്ങളാണ്.
നാമജപം പോലും സന്നിധാനത്ത് നിഷേധിക്കപ്പെട്ടു. മഴ പെയ്തപ്പോള്‍ നടപ്പന്തലില്‍ കയറിനില്ക്കാന് പോലും അനുവദിച്ചില്ല. വിരിവെയ്ക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ച് സന്നിധാനത്ത് വലിയ നടപ്പന്തലില്‍ വെള്ളം നനച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചറെ അഞ്ച് മണിക്കൂറോളം തടഞ്ഞുവെച്ച് പിന്നീട് ഇരുമുടിക്കെട്ടോടുകൂടി ജയിലിലടച്ചു. ഇത്തരം വിഷയങ്ങള്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടതല്ല. ശബരിമല തകര്‍ക്കാനുള്ള കമ്മ്യൂണിസ്റ്റ് ഗൂഢശ്രമമാണ് ഇതിന് പിന്നില്‍. നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകളുടെ ഗൂഢപ്രവര്ത്തനത്തിനെതിരെയുള്ള സമരമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ വിശദീകരണത്തെയാണ് വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത്. ഇത്തരം മാധ്യമരീതികള്‍ ശരിയല്ല, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: