കൊച്ചി: ശബരിമലയില്‍ തുലാമാസ പൂജയ്‌ക്ക് നട തുറന്നപ്പോഴുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ അക്രമം നടത്തിയ പോലീസുകാരെ തിരിച്ചറിയാന്‍ ഹര്‍ജിക്കാരുടെ കൈവശമുള്ള കളര്‍ ഫോട്ടോകളും സിഡിയും സര്‍ക്കാരിന് കൈമാറി. കളര്‍ ചിത്രങ്ങളും വീഡിയോയും വിട്ടു നല്‍കാന്‍ നിര്‍ദേശിക്കണമെന്ന് പോലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ഇവ കൈമാറിയത്. ഹര്‍ജി പരിഗണിക്കവെ പത്തനംതിട്ട ഡിവൈഎസ്പി എസ്. റഫീഖ് ചിത്രങ്ങള്‍ ആവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കിയിരുന്നു.
പരാതിക്കാര്‍ കൈമാറിയത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണ്. ഇവ വ്യക്തതയില്ലാത്തതായതിനാല്‍ കുറ്റക്കാരായ പോലീസുകാരെ കണ്ടെത്താനാവില്ലെന്നും വിശദീകരിച്ചു. ഫോട്ടോകളുടെയും വീഡിയോയുടെയും അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി, കൊച്ചി റേഞ്ച് ഐജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ശബരിമലയില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്ത് അക്രമം കാട്ടിയ പോലീസുകാര്‍ക്കെതിരെ നടപടി തേടി ശബരിമല ആചാര സംരക്ഷണ സമിതി ചെയര്‍മാന്‍ അനോജ് കുമാര്‍, സുരേഷ് കുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.
















