തിരുവനന്തപുരം: ശബരിമലയില്‍ നാമം ജപിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രിയില്‍ പ്രതിഷേധം. സംസ്ഥാനത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധത്തില്‍ അന്ധാളിച്ച് പോലീസും.
സന്നിധാനത്ത് ഹരിവരാസനം കഴിഞ്ഞ് നട അടച്ചതോടെ വലിയ നടപ്പന്തലില്‍ വിലക്ക് ലംഘിച്ച് നാമജപം നടത്തിയെന്ന പേരില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സംസ്ഥാന വ്യാപകമായി അര്‍ദ്ധരാത്രിയിലെ പോലീസ് സ്റ്റേഷന്‍ ഉപരോധവും നാമജപവും. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ്ഹൗസിലേക്ക് മാര്‍ച്ച് നടത്തിയായിരുന്നു നാമജപം. രാത്രി ഒരുമണിക്ക് തുടങ്ങിയ നാമജപം രണ്ടു മണിക്കൂറോളം നീണ്ടു. ക്ലിഫ്ഹൗസിന്റെ സുരക്ഷയ്‌ക്കായി ആവശ്യത്തിന് പോലീസുകാര്‍ ഇല്ലാത്തതിനാല്‍ ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളില്‍ നിന്നായി പോലീസിനെ വിളിച്ചു വരുത്തിയാണ് സുരക്ഷ ഒരുക്കിയത്. മണിക്കൂറുകള്‍ക്കകം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പോലീസ് സ്റ്റേഷനുകളിലേക്ക് രാത്രിയില്‍ തന്നെ മാര്‍ച്ചും നാമജപവും നടത്തി.
സന്നിധാനത്ത് അറസ്റ്റ് ചെയ്തവരെ മണിമല പോലീസ് ക്യാമ്പിലേക്കു കൊണ്ടുവരുന്നതിനു മുമ്പേ രാത്രിയില്‍ അവിടെയും നാമജപം തുടങ്ങിയിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നാമജപത്തില്‍ പങ്കെടുത്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ ആറന്മുളയിലെ വസതിയിലും രാത്രിയില്‍ നാമജപം നടത്തി.
പലയിടത്തും പ്രതിഷേധക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, ഇടുക്കി, പാലക്കാട്, ആറന്മുള, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ വന്‍ സംഘമാണ് പോലീസ് സ്റ്റേഷനുമുന്നിലെത്തിയത്. രാത്രിയെന്ന് നോക്കാതെ നാമജപത്തില്‍ വനിതകള്‍ കൂട്ടമായി എത്തിയതോടെ ആവശ്യത്തിന് വനിതാ പോലീസും ഇല്ലതായി. ഡ്യൂട്ടി കഴിഞ്ഞ് പോയ പലരെയും അര്‍ദ്ധരാത്രിയില്‍ വീടുകളില്‍ നിന്നും വിളിച്ച് വരുത്തുകയായിരുന്നു.
















