പമ്പ: ശബരീശ ദര്‍ശനത്തിനായി പുറപ്പെട്ട ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചറോട് വീണ്ടും പോലീസ് ക്രൂരത. വെള്ളിയാഴ്ച ദര്‍ശനത്തിന് പോകുമ്പോള്‍ മരക്കൂട്ടത്ത് മരംകോച്ചുന്ന തണുപ്പത്ത് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തെങ്കില്‍ ഇന്നലെ ബസ്സിനുള്ളിലായിരുന്നു പോലീസിന്റെ പരാക്രമം. സ്ത്രീയാണന്നും സംഘടനാ പ്രവര്‍ത്തകയാണെന്നും പരിഗണിക്കാതെയായിരുന്നു പെരുമാറ്റം.
എരുമേലി വലിയമ്പലത്തില്‍ നിന്ന് തന്റെ പേരക്കുട്ടികള്‍ക്കും മറ്റു ബന്ധുക്കള്‍ക്കും ഒപ്പമാണ് ശശികല ടീച്ചര്‍ ദര്‍ശനത്തിന് പുറപ്പെട്ടത്. നിലയ്ക്കലില്‍ നിന്ന് പമ്പയ്ക്കുളള ബസില്‍ കയറിയിരിക്കുമ്പോഴാണ് പോലീസിന്റെ പരാക്രമം. ആറുമണിക്കൂര്‍ കൊണ്ട് ദര്‍ശനം നടത്തി മടങ്ങിവരുമെന്ന് കടലാസില്‍ ഒപ്പിട്ടു നല്‍കണമെന്ന് എസ് പി യതീഷ് ചന്ദ്ര ആവശ്യപ്പെട്ടു. യെസ് അല്ലെങ്കില്‍ നോ എന്ന് മറുപടി പറയണമെന്ന് എസ്പി അലറിവിളിച്ച് പറഞ്ഞു. ഇതു കണ്ട് ടീച്ചറിനൊപ്പമുണ്ടായിരുന്ന കുഞ്ഞുങ്ങള്‍ പേടിച്ച് നിലവിളിച്ചു. പേരക്കുട്ടിക്ക് ചോറ് കൊടുക്കാനുണ്ടെന്ന് പറഞ്ഞിട്ടും എസ്പി അയഞ്ഞില്ല.
പോലീസിന്റെ ക്രൂരമായ പെരുമാറ്റത്തിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് കെ.പി. ശശികല ടീച്ചര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രാര്‍ത്ഥനാ യജ്ഞം നടത്തരുതെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. പ്രാര്‍ത്ഥിക്കാന്‍ അല്ലാതെ മറ്റെന്തിനാണ് ക്ഷേത്രത്തില്‍ പോകുന്നതെന്നും അവര്‍ ചോദിച്ചു. പറഞ്ഞ സമയത്തിനുള്ളില്‍ തിരിച്ചുവരണമെന്ന് സത്യപ്രസ്താവന നല്‍കണമെന്ന് എസ്പി വാശിപിടിച്ചു. എന്നാല്‍ സമയം കഴിഞ്ഞാല്‍ നിങ്ങളെന്നെ അറസ്റ്റ് ചെയ്തോളൂ, ക്ഷേത്രത്തില്‍ പോകുമ്പോള്‍ സത്യപ്രസ്താവന നല്കാന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്, എല്ലാ മക്കളെയും കയറ്റണം, എന്റെ പിടിച്ചുകൊണ്ടു പോയ മക്കളെ തിരിച്ചുവിടുമോ? അവരുടെ മക്കളാണ് ഇവിടെയിരിക്കുന്നതെന്നും ടീച്ചര്‍ തുറന്നു പറഞ്ഞു. അത് നമുക്ക് പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞ് എസ്പി ഒഴിഞ്ഞ് മാറി. ഇന്നു തന്നെ മടങ്ങി വരുമെന്ന് ടീച്ചര്‍ ഉറപ്പ് നല്കിയ ശേഷമാണ് എസ്പി പോകാന്‍ അനുവദിച്ചത്. കേരളത്തില്‍ ഹിന്ദുവിന് ക്ഷേത്രത്തില്‍ പോകണമെങ്കില്‍ എഴുതിക്കൊടുക്കണമെന്ന അവസ്ഥയാണെന്നും ടീച്ചര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: