കോട്ടയം: ശബരിമല കര്‍മസമിതി ഉപാധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം എന്നിവരടക്കമുള്ള ഹിന്ദുസംഘടനാ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും വരുത്തിയ വീഴ്ച മറച്ചുവയ്ക്കാനാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.
നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. നിലയ്ക്കലിലും പമ്പയിലും ശൗചാലയങ്ങളിലും ശുചിമുറികളിലും വെള്ളം പോലുമില്ല, വേണ്ടത്ര ശൗചാലയങ്ങളും ഇ-ടോയ്ലറ്റുകളും ഒരുക്കിയിട്ടില്ല. കുടിവെള്ളം, പമ്പാ സ്നാനത്തിന് സൗകര്യം, വിരിവയ്ക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ ഒരുക്കാന്‍ യാതൊരു നീക്കവും നടത്തിയിട്ടില്ലെന്നത് ഗുരുതരമായ വീഴ്ചയാണ്. ബേസ് ക്യാമ്പായ നിലയ്ക്കലില്പോലും സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല.
അടിയന്തരാവസ്ഥയെ വെല്ലുന്ന നിയന്ത്രണങ്ങളാണ് പോലീസ് ഭക്തരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. 10.30ന് ശേഷം സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാത്തതിലൂടെ ക്ഷേത്രദര്‍ശനത്തിന്റെ ഭാഗമായ വഴിപാടുകള്‍, നെയ്യഭിഷേകം എന്നിവ നടത്താനുള്ള ഭക്തരുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണ്. ക്ഷേത്രാചാരപ്രകാരം ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനെത്തുന്ന ഭക്തരെയും ഹിന്ദുസംഘടനാ പ്രവര്‍ത്തകരെയും തടയുന്നതിലൂടെ ആരാധാനാ സ്വാതന്ത്ര്യമാണ് നിഷേധിക്കുന്നത്. സന്നിധാനത്തും പമ്പയിലും പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ശബരിമലക്ക് പരിചിതമല്ലാത്ത പല നടപടി ക്രമങ്ങളുമാണ് പോലീസും സര്‍ക്കാരും പ്രഖ്യാപിക്കുന്നത്.
ശബരിമല ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണാധികാരം ദേവസ്വം ബോര്‍ഡില്‍നിന്ന് ആഭ്യന്തരവകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. ശബരിമലയുടെ സുരക്ഷാ കാര്യങ്ങളില്‍ മാത്രമാണ് ആഭ്യന്തരവകുപ്പിന്റെ ഇടപെടല്‍ വേണ്ടതെന്നും യഥാര്‍ഥ ഭക്തരെ തടയരുതെന്നുമുള്ള ഹൈക്കോടതിയുടെ ഉത്തരവിനെ കാറ്റില്‍ പറത്തിയാണ് പോലീസ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ഇ.എസ്. ബിജു ആരോപിച്ചു. ശബരിമല തീര്‍ഥാടനം അട്ടിമറിക്കാനള്ള ഏതൊരു നീക്കത്തെയും അയ്യപ്പഭക്തര്‍ ചെറുത്ത് തോല്‍പ്പിക്കുമെന്നും ശക്തമായ പ്രക്ഷോഭത്തിന് ഹിന്ദുഐക്യവേദി നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: