കൊച്ചി: പൂനെയില്‍നിന്ന് ഇന്‍ഡിഗോയുടെ 6 ഇ 338 ഫ്ളൈറ്റില്‍ ഭൂമാതാ ബ്രിഗേഡ് സ്ഥാപക തൃപ്തി ദേശായി അഞ്ചു പേരോടൊപ്പം നെടുമ്പാശേരി വിമാനത്താവളത്തില്‍ വരുമെന്ന് വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ ശബരിമല കര്‍മ സമിതിയുടെയും മറ്റു വിശ്വാസി സംഘടനകളുടെയും പ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചു. പുലര്‍ച്ചെ 2.45 നായിരുന്നു വിമാനം പൂനെ വിട്ടത്, നെടുമ്പാശേരിയില്‍ എത്തേണ്ട സമയം 4.30. വരുന്ന വിവരം അറിഞ്ഞപ്പോള്‍ത്തന്നെ ദേശായിയേയും കൂട്ടരേയും അനുനയിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിശ്വാസികള്‍ തുടങ്ങി.
ശബരിമല മണ്ഡലകാല പൂജകള്‍ക്ക് നടതുറക്കുന്ന സംക്രമ ദിവസം കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ച് വിശ്വാസികള്‍ നടത്തിയ ‘അഖണ്ഡ നാമജപമായി’ മാറി, തൃപ്തി ദേശായിയുടെ ശബരിമല യാത്രാ ശ്രമത്തോടുള്ള പ്രതികരണം.
പന്ത്രണ്ട് മണിക്കൂര്‍, വൈകിട്ട് 4.30 വരെ, നെടുമ്പാശേരി വിമാനത്താവളത്തില്‍ നടന്നത് ഏറെക്കുറേ ഇങ്ങനെ:
4.30: വിമാനത്താവള പരിസരത്ത് വിശ്വാസികള്‍ എത്തിത്തുടങ്ങി. വിവരം അറിഞ്ഞ് ദൃശ്യമാധ്യമങ്ങളുമെത്തി.
5.00: വിമാനം ഇറങ്ങി, തൃപ്തിയും കൂട്ടരും പുറത്തേക്കുള്ള വഴിയിലെത്തി. പോലീസ് സന്നാഹമുണ്ടായിരുന്നു. പുറത്ത് പ്രതിഷേധമുണ്ടെന്നും റോഡുമാര്‍ഗം യാത്ര എളുപ്പമല്ലെന്നും അവര്‍ അറിയിച്ചു.
5.05: പുറത്ത് വിശ്വാസികള്‍ ശരണ മന്ത്രം ജപിച്ചു തുടങ്ങിയിരുന്നു. വിമാനത്താവളത്തിനുള്ളിലേക്ക് കടത്തിവിട്ടാല്‍ തൃപ്തിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി തിരിച്ചയയ്ക്കാന്‍ കഴിയുമെന്നും അതിന് അനുവദിക്കണമെന്നും വിശ്വാസികള്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങളിലൂടെ അവര്‍ ഈ ആവശ്യം ഉയര്‍ത്തി.
5.30: ശബരിമലയ്ക്ക് പോകാനാണ് വന്നതെന്നും എന്തു തടസ്സമുണ്ടായാലും പിന്മാറില്ലെന്നും സംസ്ഥാന സര്‍ക്കാരും പോലീസും സംരക്ഷണം നല്‍കണമെന്നും തൃപ്തി.
5.35: മുഖ്യമന്ത്രിയുടെ ഓഫീസ് സര്‍ക്കാറിന്റെ നിലപാട് തൃപ്തിയെ അറിയിച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയാണ് പോലീസ് റിപ്പോര്ട്ടുചെയ്യുന്നതെന്നും വ്യക്തമാക്കി.
5.40: നെടുമ്പാശേരിയിലേക്ക് കൂടുതല്‍ വിശ്വാസികളെത്തി. അവരെ നിയന്ത്രിക്കാന്‍ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. സുരക്ഷാ സംവിധാനം വിമാനത്താവളത്തില്‍ ശക്തിപ്പെടുത്തി.
6.00: എറണാകുളം ജില്ലയില്‍നിന്നു മാത്രമല്ല, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളില്‍നിന്നും വിശ്വാസികള്‍ കൂട്ടമായി വിമാനത്താവളത്തിലെത്തി. അവര്‍ വട്ടമിട്ടിരുന്ന് ശരണമന്ത്രം മുഴക്കി.
7.30: ടാക്സി വിളിച്ച് യാത്ര തുടരാന്‍ തൃപ്തിയുടേയും കൂട്ടരുടേയും ശ്രമം. പക്ഷേ, ഓണ്‍ലൈന്‍ ടാക്സികള്‍ തയാറായില്ല. ടാക്സി കമ്പനികള്‍ സന്നദ്ധരായെങ്കിലും സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് വാടകവാഹനങ്ങള്‍ വിസമ്മതിച്ചു.
7.45: മഴ, വകവെയ്ക്കാതെ വിശ്വാസികള്‍ നാമജപത്തില്‍.
8.00: ഒരു ടാക്സി സന്നദ്ധമായെങ്കിലും വിശ്വാസികളുടെ എതിര്‍പ്പില്‍ മടങ്ങി.
8.30: പോലീസ് വാഹനത്തിലോ ആംബുലന്‍സിലോ പുറത്തുകൊണ്ടുവരാന്‍ ആലോചിച്ചു.
8.05: തൃപ്തിക്ക് സ്വന്തം വാഹനമുണ്ടെങ്കില്‍ യാത്ര ചെയ്യാം, വാടകവാഹനങ്ങളോ പോലീസ് വാഹനമോ ഉപയോഗിക്കാന്‍ സമ്മതിക്കില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു.
8.35: വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനു പിന്നില്‍നിന്ന് ഫോണില്‍ സംസാരിക്കുന്ന തൃപ്തിയുടെ ചിത്രം എഎന്‍ഐ പുറത്തുവിട്ടു. അതിലെ ‘അകലം പാലിക്കൂ, അന്വേഷണം ഇല്ല’ എന്ന മുന്നറിയിപ്പു ബോര്‍ഡ് കൗതുകമായി.
8.45: തൃപ്തിയും കൂട്ടരും മടങ്ങിപ്പോയേക്കുമെന്ന സൂചനകള്‍ പുറത്തുവന്നു. ഇത് നാമജപക്കാരുടെ നിലപാട് അറിയാന്‍ പോലീസ് നടത്തിയ പരീക്ഷണമായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.
9.00: വിശ്വാസികള്‍ കൂട്ടത്തോടെ വിമാനത്താവളത്തിലേക്കെത്തിക്കൊണ്ടിരുന്നു.
9.32: കാര്‍ഗോ ഗേറ്റിലൂടെ തൃപ്തിയെ പുറത്തെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
9.35: ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് വിമാനത്താവളത്തിലെത്തി.
10.35: തൃപ്തിയും കൂട്ടരും ഉള്ളില്‍ വട്ടമിട്ടിരുന്നു വര്‍ത്തമാനം പറയുന്നതും പ്രഭാത ഭക്ഷണം കഴിക്കുന്നതും ജനം ടിവി സംപ്രേഷണം ചെയ്തു.
10.38: ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന് എന്നീ നേതാക്കളും കൂടുതല്‍ വിശ്വാസികളും വിമാനത്താവളത്തില്‍.
11.45: തൃപ്തിയെ പിന്തിരിപ്പിക്കാന് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ശ്രമങ്ങള്‍ തുടരുന്നു.
1.15: തൃപ്തിയുടെ സാന്നിധ്യം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നുവെന്നും യാത്രക്കാര്‍ക്ക് അസൗകര്യമാകുന്നുവെന്നും വിമാനത്താവള എംഡി വി.ജെ. കുര്യന് പോലീസിനെ അറിയിച്ചു.
1.30: സിയാല്‍ എംഡി കുര്യനും സിഐഎസ്എഫ് ഉദേ്യാഗസ്ഥരും ചര്‍ച്ചയില്‍.
1.45: ആലുവ തഹസീല്‍ദാര്‍ തൃപ്തിയുമായി ചര്‍ച്ച നടത്തി, മടങ്ങണമെന്നാവശ്യപ്പെട്ടു, അവര്‍ നിരാകരിച്ചു.
2.15: ദേശായിയേയും കൂട്ടരേയും തിരിച്ചയയ്ക്കണമെന്ന് സര്‍ക്കാരിനോട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനും ബിജെപി അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ളയും.
2.50: താമസ സൗകര്യവും യാത്രാ സംവിധാനവും ദേശായി സ്വയം സജ്ജമാക്കിയാല്‍ സംരക്ഷണം നല്‍കാമെന്ന പുതിയ നിലപാടില്‍ പോലീസ്.
4.30: വിമാനത്താവളം ശരണ മുഖരിതം. യാത്രയ്ക്കു വന്നവരും വിശ്വാസികള്‍ക്കൊപ്പം. ദേശായിയും കൂട്ടരും വിമാനത്താവളത്തിനുള്ളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: