ചെന്നൈ: തമിഴ്നാടിന്റെ തീരപ്രരദേശങ്ങളിലുണ്ടായ ചുഴലിക്കാറ്റിലും പേമാരിയിലും 22 പേര്‍ക്ക് ജീവഹാനി. നാഗപട്ടണത്തിനും വേദാരാണ്യത്തിനും ഇടയില്‍ ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റാണ് കനത്ത നാശം വിതച്ചത്. വാര്‍ത്താവിനിമയ, വൈദ്യുതി ബന്ധങ്ങളെല്ലാം തകരാറിലായി. നാഗപട്ടണത്താണ് നാശനഷ്ടങ്ങളേറെയും. തിരുവാരൂര്‍, തഞ്ചാവൂര്‍ പ്രദേശങ്ങളും ചുഴലിക്കാറ്റിന്റെ കെടുതിയിലാണ്. തീരപ്രദേശങ്ങളില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്കി.
താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് എണ്‍പതിനായിരം പേരെ ഇതിനകം ഒഴിപ്പിച്ചു. ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ആറു ജില്ലകളിലായി നാന്നൂറ്റിഎഴുപതിലേറെ ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി നല്കി. ചുഴലിക്കാറ്റിലും പേമാരിയിലും ദക്ഷിണേന്ത്യയിലെ പ്രമുഖ ക്രിസ്ത്യന്‍ തീര്‍ഥാടന കേന്ദ്രമായ വേളാങ്കണ്ണി പള്ളിക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്നതായി മുഖ്യമന്ത്രി കെ. പളനിസ്വാമി പറഞ്ഞു
ദേശീയ ദുരന്തനിവാരണസേനയിലെ നാലു ഗ്രൂപ്പുകളെ നാഗപട്ടണത്ത് വിന്യസിച്ചു. ചുഴലിക്കാറ്റില്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ദുരന്തനിവാരണ അധികൃതര്‍ അനിമേഷന്‍ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. കനത്ത മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: