അഭിഭാഷക ക്ഷേമനിധിയില്‍ വന്‍തോതില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നവെന്ന വാര്‍ത്ത പുറത്തുവന്നത് ഈ അടുത്ത സമയത്താണ്. ഏകദേശം 90 ലക്ഷം രൂപ 2007 മുതല്‍ 2017 വരെ അപഹരിക്കപ്പെട്ടുവെന്നാണ് അനൗദ്യോഗിക വിവരം. അന്വേഷണം പൂര്‍ത്തിയാകട്ടെയെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ബാര്‍ കൗണ്‍സില്‍. എന്ത് അന്വേഷണം എന്ന് ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല. ആരെയൊക്കെയോ രക്ഷിക്കാനായി ഒരു വിജിലന്‍സ് അന്വേഷണത്തിന്റെ പേര് പറയുന്നുവെന്ന് മാത്രം.
ക്ഷേമനിധി നിയമം 9-ാം വകുപ്പനുസരിച്ച് ക്ഷേമ നിധിയിലെ ഫണ്ട് നോക്കിനടത്തേണ്ട ചുമതല ട്രസ്റ്റി കമ്മിറ്റിക്കാണ്. ഫണ്ടിന്റെ വിതരണവും വിനിയോഗവും എല്ലാം ഇതില്‍വരും. ക്ഷേമനിധി അംഗങ്ങള്‍ക്ക് ഫോട്ടോ പതിച്ച പാസ്സ് ബുക്ക് നല്‍കണമെന്ന് 2011ല്‍ നിയമത്തില്‍ എഴുതി ചേര്‍ത്തെങ്കിലും നാളിതുവരെ പാലിച്ചിട്ടില്ല. പത്തുവര്‍ഷം നിര്‍ബ്ബന്ധമായും നടത്തേണ്ടുന്ന വാര്‍ഷിക ഓഡിറ്റിങ് നടത്താതെ അഴിമതിക്ക് വഴിവെച്ചവര്‍ അക്കാലയളവിലെ ട്രസ്റ്റി കമ്മിറ്റി അംഗങ്ങളാണ്. ക്ഷേമനിധി നിയമം പത്താം വകുപ്പിന്റെ നാലാം ഉപവകുപ്പില്‍ കേരള ബാര്‍ കൗണ്‍സില്‍ നിശ്ചയിക്കുന്ന ഒരു ചാര്‍ട്ടേഡ് അകൗണ്ടന്റ് ട്രസ്റ്റീ കമ്മിറ്റിയുടെ കണക്കുകള്‍ എല്ലാ വര്‍ഷവും ഓഡിറ്റ് ചെയ്യണമെന്ന് വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ നിയമം അനുശാസിക്കുന്ന പ്രസ്തുത പ്രക്രിയ നടപ്പിലാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കാതിരുന്നതിനാലാണ് ലക്ഷക്കണക്കിന് രൂപയുടെ പണാപഹരണം അഭിഭാഷക ക്ഷേമനിധിയില്‍ നടക്കന്നത്.
2017ല്‍ കണക്കുകള്‍ പരിശോധിച്ച ഓഡിറ്റര്‍ 2007-2010 വര്‍ഷങ്ങളിലെ കണക്കുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സാമ്പത്തിക തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതെന്ന തരത്തിലാണ് ആ സമയത്ത് അധികാരത്തിലുണ്ടായിരുന്ന അഡ്ഹോക് കമ്മിറ്റി അഭിപ്രായപ്പെടുന്നത്. എന്നാല്‍ തിരൂര്‍ ബാര്‍ അസോസിയേഷനടക്കം പലരും അതിനു മുന്‍പുതന്നെ തട്ടിപ്പിനെ കുറിച്ച് പരാതിപ്പെട്ടിരുന്നു. 2018 ജനുവരി മൂന്നാം തീയതി, ട്രസ്റ്റി കമ്മിറ്റിയില്‍ നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നത് ഓഡിറ്റര്‍ 2007-2010 കാലയളവിലെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ കണക്കുകളില്‍ പൊരുത്തക്കേട് കണ്ടതിനെ തുടര്‍ന്ന് അകൗണ്ടന്റായ എം.കെ. ചന്ദ്രനോട് ട്രസ്റ്റി കമ്മിറ്റി വിശദീകരണം ചോദിച്ചു എന്നും തൃപ്തികരമായ മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്ന് 12-8-2017 ലെ ട്രസ്റ്റീ കമ്മിറ്റി യോഗം ചന്ദ്രനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു എന്നാണ്. സസ്പെന്‍ഡ് ചെയ്യപ്പെട്ട ചന്ദ്രന് കള്ളനോട്ട് കേസ്സില്‍ പ്രതിയായി തമിഴ്നാട്ടില്‍ ഏതോ ജയിലിലടയ്ക്കപ്പെട്ടു എന്നാണ് വിവരം. ചന്ദ്രന് 19 ഇന കുറ്റപത്രം നല്‍കിയെന്നും എന്തൊക്കെയാണ് കുറ്റാരോപണങ്ങളെന്നും വിവരാവകാശ രേഖയില്‍ പറയുന്നുണ്ട്. ഏതായാലും ബാര്‍ കൗണ്‍സിലിലെ ഒരു കണക്കപ്പിള്ള മാത്രം വിചാരിച്ചാല്‍ ഒരു കോടിക്കടുത്ത് രൂപയുടെ തട്ടിപ്പ് നടത്താന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ മാത്രം മണ്ടന്മാരല്ല കേരളത്തിലെ അഭിഭാഷകര്‍. ചുമതലയിലുണ്ടായിരുന്നവര്‍ ഉത്തരവാദിത്തം നിറവേറ്റാതിരുന്നിട്ട് ചന്ദ്രനെ ബലിയാടാക്കുകയായിരുന്നുവെന്ന് വ്യക്തം.
കുറ്റപത്രത്തിലെ അഞ്ചാം കുറ്റാരോപണത്തില്‍ പറയുന്നത് 2008 ജനുവരി മാസത്തിലെ ശമ്പളം, പിഎഫ് എന്നിവ നല്കിയതും ബുക്കില്‍ രേഖപ്പെടുത്തിയതും തമ്മില്‍ 27010.60 രൂപയുടെ വ്യത്യാസമുണ്ട് എന്നാണ്. പതിനേഴാം കുറ്റാരോപണത്തില്‍ പറയുന്നത് 2011-2012 കാലഘട്ടത്തില്‍ ബാങ്കിലടച്ചതും രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നതുമായ കണക്കില്‍ പതിനഞ്ച് ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി എഴുപത്തിരണ്ട് രൂപയുടെ വ്യത്യാസം കാണുന്നു എന്നാണ്. കുറ്റപത്രത്തിലെ പതിനെട്ടാം കുറ്റാരോപണത്തില്‍ പറയുന്നത് 2012-2013 കാലഘട്ടത്തില്‍ പന്ത്രണ്ട് ചെല്ലാനുകളിലായി എട്ട് ലക്ഷത്തി പതിനാറായിരം രൂപയുടെ ക്രമക്കേട് കണ്ടെത്തി എന്നാണ്. ബാങ്കില്‍ ഹാജരാക്കുന്ന പേയിങ്സ്ലിപ്പില് ഒരു തുക രേഖപ്പെടുത്തി ബാങ്കിലടച്ച് കൗണ്ടര്‍ ഫോയില്‍ സീല്‍ ചെയ്ത് വാങ്ങിയിട്ട് കൗണ്ടര്‍ ഫോയിലില്‍ കൂടുതല്‍ തുക എഴുതിച്ചേര്‍ത്ത് തട്ടിപ്പ് നടത്തി എന്നാണാരോപണം. ഉദാഹരണത്തിന് 29-6-2012’ലെ 89-ാം നമ്പര്‍ ചെല്ലാന്‍ പ്രകാരം ബാങ്കിലടച്ചിരിക്കുന്നത് 58 രൂപയാണ്. എന്നാല്‍ ബാര്‍ കൗണ്‍സിലിലെ കൗണ്ടര്‍ ഫോയില്‍ പ്രകാരം അഞ്ച് ലക്ഷത്തി പതിനെണ്ണായിരത്തി അന്‍പത്തി എട്ട് രൂപ അടച്ചതായിട്ടാണ് കാണുന്നത്. ഇങ്ങനെ പലതരത്തില്‍ കണക്കില്‍ തിരിമറി നടത്തിയാണ് 90 ലക്ഷത്തിലധികം രൂപ തട്ടിച്ചതെന്നാണ് വിവരം. വിവരാവകാശ മറുപടി പറയുന്നത് കണക്കുകള്‍ മുഴുവന്‍ പരിശോധിച്ചാലേ യഥാര്‍ഥ വസ്തുതകളും കണക്കും അറിയാന്‍ കഴിയുള്ളൂ എന്നാണ്. വെല്‍ഫെയര്‍ ഫണ്ട് സ്റ്റാമ്പിന്റെ കാര്യത്തിലും തിരിമറി നടന്നതായി രേഖ സൂചിപ്പിക്കുന്നു.
വെറും കണക്കപ്പിള്ളയായ ചന്ദ്രനെ സസ്പെന്‍ഡ് ചെയ്തത് കൊണ്ടു മാത്രം പ്രശ്നത്തിന് പരിഹാരമുണ്ടാകില്ല. നേരത്തേ സൂചിപ്പിച്ചത് പോലെ പ്രമുഖരെ രക്ഷപ്പെട്ടുത്താനാണ് അകൗണ്ടന്റിനെ സസ്പെന്‍ഡ് ചെയ്തത്. ഒരു ക്രിമിനല്‍ കേസ് പോലും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിജിലന്‍സ് അന്വേഷണം നടക്കുന്നു എന്നാണ് പറയുന്നത്. ക്ഷേമനിധി നിയമം 11 അനുസരിച്ച് സെക്രട്ടറിയാണ് ക്ഷേമനിധിയിലെ കണക്കുകള്‍ സൂക്ഷിക്കാനും ബാങ്ക് അകൗണ്ട് പ്രവര്‍ത്തിപ്പിക്കാനും ഉത്തരവാദി. അതുപോലെ തന്നെ ബാര്‍ കൗണ്‍സിലിന്റെ കൂടി ട്രഷററായ ക്ഷേമനിധി ട്രഷറര്‍ക്കും അടിസ്ഥാനപരമായി ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞുമാറാനാവില്ല. ഇവിടെ ഉത്തരവാദപ്പെട്ടവര്‍ പരസ്പരം കൂട്ട്ചേര്‍ന്ന് ഒരു അകൗണ്ടന്റിന്റെ തലയില്‍ പഴിചാരി രക്ഷപ്പെടാനുള്ള തന്ത്രമാണ് നടക്കുന്നത്. ക്ഷേമനിധിയില്‍ നഷ്ടപ്പെട്ട ഇത്രയും ഭീമമായ തുക ആരില്‍ നിന്നു തിരിച്ച് പിടിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും ധാരണയില്ല. എന്നുമാത്രമല്ല സത്യം പുറത്ത് വരാതിരിക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് ബാര്‍ കൗണ്‍സില്‍ നല്കിയ സ്വീകരണ വേളയില്‍ അഡ്വ.കെ.കെ. വേണുഗോപാല്‍ നടത്തിയ ചില പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ബാര്‍ കൗണ്‍സില്‍ അഭിഭാഷക ക്ഷേമനിധിയിലെ അഴിമതിയെകുറിച്ച് അന്വേഷിക്കുന്നതിന് ഗുജറാത്ത് ഹൈക്കോടതിയിലെ മുന്‍ ജഡ്ജ് ദീപക് ഗത്രിവേദിയുടെ നേതൃത്വത്തില്‍ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ അവരുടെ സന്ദര്‍ശനത്തിനു മുന്‍പ് തന്നെ ക്ഷേമനിധി അഴിമതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമെന്ന പേരില്‍ തല്പരകക്ഷികള് ബാര്‍ കൗണ്‍സില്‍ ഓഫീസില്‍ നിന്നു കടത്തി. അവരുടെ സന്ദര്‍ശനത്തെ തടയാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി പോലും ഫയല്‍ ചെയ്തു. ഫലത്തില്‍ അന്വേഷണ സംഘം എറണാകുളം വരെ വന്ന് വെറും കൈയോടെ മടങ്ങേണ്ടി വന്നു. തെളിവ് കൈവശമുള്ളവര്‍ നല്‍കണമെന്നാവശ്യപ്പെട്ട് പത്രപരസ്യം നല്‍കിയിരിക്കുകയാണ് ഇവരിപ്പോള്‍.
അഭിഭാഷക ക്ഷേമനിധിയില്‍ തട്ടിപ്പ് നടത്തിയവരേയും അതിന് കൂട്ടുനിന്നവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നേ തീരൂ. ക്ഷേമനിധിയില്‍ നിന്നു നഷ്ടപ്പെട്ട തുക‘ട്രസ്റ്റി കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ളവരില്‍ നിന്നും ഈടാക്കി എടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷക പരിഷത്ത് സംസ്ഥാന സമിതി അംഗം അഡ്വ. വേണുകുമാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.‘ഭരണക്കാരുടെയും പ്രമുഖരുടേയും പിന്തുണ ഉള്ളതിനാല്‍ ഹൈക്കോടതിയുടെ ഇടപെടലുണ്ടായില്ലെങ്കില്‍ ഈ അഴിമതി തേഞ്ഞുമാഞ്ഞ് പോകാനാണിട.
സൂര്യന് കീഴിലുള്ള എല്ലാത്തിന്റേയും അവകാശം നിയമത്തിന്റെ നൂലാമാലകള്‍ ഇഴകീറി പരിശോധിച്ച് വാങ്ങി കൊടുക്കുന്ന സംരക്ഷകരാണ് അഭിഭാഷകര്‍. അവര്‍ പക്ഷേ, സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരല്ല. തങ്ങളുടെ കൂട്ടത്തിലെ അഴിമതിക്കാര്‍ക്കെതിരെ, ഈ നിയമത്തിന് കാവല്‍ ഭടന്മാര് പ്രതികരിക്കേണ്ട സമയം വൈകി.
(ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: