കൊച്ചി : ശബരിമലയിലെ നിജസ്ഥിതികൾ അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ നിഷേധിച്ച് മാധ്യമങ്ങൾക്ക് മേൽ വിലക്ക് ഏർപ്പെടുത്തിയ സർക്കാർ നീക്കത്തിനു തിരിച്ചടി. ശബരിമലയിൽ ഒരു മാധ്യമപ്രവർത്തകനെയും തടയരുതെന്നും, അറിയാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
മാധ്യമവിലക്കിനെതിരെ ജനം ടിവി നൽകിയ ഹർജിയിലാണ് ഈ ഉത്തരവ്. സര്‍ക്കാര്‍ നടപടികള്‍ സുതാര്യമെങ്കില്‍ എന്തിനാണ് മാധ്യമങ്ങള്‍ തടയുന്നതെന്നും കോടതി ചോദിച്ചു. എന്നാല്‍ മാധ്യമങ്ങളെ തടഞ്ഞിട്ടില്ലെന്നും വ്യാഴാഴ്ച മുതല്‍ പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇതോടെ വിശദമായ സത്യവാങ്മൂലം നല്കാന് കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ ദിവസം സന്നിധാനത്തുനിന്നും മാധ്യമസംഘത്തെ ബലമായി ഒഴിപ്പിച്ചിരുന്നു. മാത്രമല്ല പമ്പയിൽ ത്രിവേണി പാലത്തിനു സമീപം കഴിഞ്ഞ ദിവസം രാത്രിയിൽ മാധ്യമ പ്രവർത്തകരെ പോലീസ് തടഞ്ഞിരുന്നു.
നേരത്തെ ശബരിമലയിൽ മാധ്യമങ്ങളെ തടയില്ലെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഇത് ലംഘിച്ചതിനെ തുടർന്നാണ് വീണ്ടും കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: