തിരുവനന്തപുരം: ശബരിമല നട തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സര്‍ക്കാരിന്റെ മര്‍ക്കടമുഷ്ടിയില്‍ പൂങ്കാവനം സംഘര്‍ഷത്തിലേക്ക്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം അലസിപ്പിരിഞ്ഞതോടെയാണ് ശബരിമലയില്‍ സംഘര്‍ഷാന്തരീക്ഷം ഉരുണ്ടു കൂടുന്നത്.
സെക്രട്ടേറിയറ്റില്‍ നടന്ന ചര്‍ച്ചയില്‍ മണ്ഡല കാലം സംഘര്‍ഷഭരിതമാകാതിരിക്കാന്‍ സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും തീരുമാനം ഉണ്ടാകും എന്നാണ് കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ കടുത്ത നിലപാട് എല്ലാം തകിടം മറിച്ചു.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും ശബരിമലയില്‍ ഉണ്ടായ പ്രതിഷേധങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. പൂങ്കാവനത്തില്‍ ഇത്തരം പ്രതിഷേധങ്ങള്‍ക്ക് സര്‍ക്കാര്‍ ഇടനല്കരുതെന്ന് വിവിധ കോണുകളില്‍നിന്ന് അഭിപ്രായവും ഉയര്‍ന്നു. എന്നാല്‍ തന്റെ നിലപാടില്‍ നിന്ന് വ്യതിചലിക്കാന്‍ മുഖ്യമന്ത്രി തയാറാകാതിരുന്നതോടെ സിപിഎമ്മും മറ്റ് ഘടകക്ഷികളും പിന്തുണ നല്‍കുകയായിരുന്നു.
കോടതി വിധി സ്റ്റേ ചെയ്യാത്തിടത്തോളം കാലം അത് നടപ്പാക്കുക മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള പോംവഴിയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഭരണഘടനയ്ക്ക് മുകളിലല്ല വിശ്വാസം എന്നും മുഖ്യമന്ത്രി പറയുന്നു. ശബരിമല കൂടുതല്‍ യശസ്സോടെ ഉയര്‍ന്നു വരുക എന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ യുവതീ പ്രവേശനത്തിനെതിരെ അവിടെ നടന്ന പ്രതിഷേധങ്ങളെ സംബന്ധിച്ചൊന്നും മുഖ്യമന്ത്രിക്ക് പ്രതികരണമില്ല.
ഇനിയും നടപ്പാക്കാത്ത സുപ്രീംകോടതി വിധികളെ സംബന്ധിച്ച് സര്‍ക്കാരിനെ നിരവധി പേര് പലവട്ടം ബോധ്യപ്പെടുത്തിയിട്ടുണ്ട്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സംഘര്‍ഷത്തിലേക്ക് തള്ളി വിടരുതെന്ന് എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകളും സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ കോടതി വിധിയുമായി ബന്ധപ്പെട്ട് താനെടുത്ത നിലപാട് അംഗീകരിക്കണം എന്നാണ് മുഖ്യമന്ത്രി പറയുന്നത്.
തൃപ്തിദേശായി ഉള്‍പ്പെടെയുള്ള യുവതികള്‍ 17ന് മലകയറുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷ നല്കുന്ന കാര്യത്തില്‍ എല്ലാവര്ക്കും നല്കുന്നതു പോലെയുള്ള സൗകര്യങ്ങള്‍ ഉണ്ടാകും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
ദേവസ്വം ബോര്‍ഡിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ താളത്തിനൊത്ത് നീങ്ങുകയാണ് ദേവസ്വം ബോര്‍ഡും. പുനപ്പരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി സ്വീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ സമാധാനപരമായ സമവായത്തിനുള്ള നല്ല അവസരമാണ് സര്‍ക്കാര്‍ ഇന്നലെ പാഴാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: