കൊച്ചി: പുനഃപരിശോധനാ ഹര്‍ജിയും റിട്ട് ഹര്‍ജിയും പരിഗണിക്കാന്‍ സുപീംകോടതി തയാറായത് വകവെയ്ക്കാതെ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും പോലീസിന്റെയും പിടിവാശി തുടരുമെന്ന സന്ദേശമാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയതെന്ന് ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര് കുമാര്‍.
സര്‍വകക്ഷി യോഗമെന്ന പ്രഹസനം ഉദ്ദേശിച്ച പോലെ സ്വന്തം നയം വ്യക്തമാക്കാനുള്ള വേദിയായി മാറ്റിയ മുഖ്യമന്ത്രി ജനാധിപത്യ ധ്വംസനമാണ് വീണ്ടും നടപ്പാക്കിയത്. തന്ത്രിയേയും പന്തളം കൊട്ടാരം പ്രതിനിധികളെയും ചര്‍ച്ചയ്ക്കെന്ന് പറഞ്ഞ് വിളിച്ച് യജമാനന് ചമയുകയായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ദേശം.
തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും നട തുറന്നപ്പോള്‍ പയറ്റി പരാജയപ്പെട്ട ഹീനമായ പോലീസ് മുറകള്‍ ഇനിയും തുടരാനാണ് നീക്കമെങ്കില്‍ അത് വീണ്ടും അഹിംസയുടെ മാര്‍ഗത്തിലൂടെ ഭക്തജനങ്ങള്‍ പരാജയപ്പെടുത്തും. ഏതു വിധത്തിലും യുവതികളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാരും പോലീസും തയാറെടുക്കുന്നതെങ്കില്‍ ഏതു വിധത്തിലും അത് തടയാനുള്ള സ്വാതന്ത്യവും ഭക്തജനങ്ങള്‍ക്കുണ്ട് എന്ന് തിരിച്ചറിയണം. അത്തരം ഒരു സാഹചര്യത്തില്‍ നടക്കുന്ന എല്ലാ സംഭവങ്ങള്‍ക്കും മുഖ്യമന്ത്രി തന്നെയായിരിക്കും ഉത്തരവാദി.
ആചാര സംരക്ഷണത്തില്‍ ശബരിമല കര്‍മ്മസമിതി എന്നും ഭക്തജനങ്ങള്ക്കൊപ്പമായിരിക്കും. ഈ ധര്‍മ്മസമരത്തില്‍ യോജിക്കാവുന്ന എല്ലാ വിഭാഗവുമായി യോജിച്ചുകൊണ്ട് പതിന്മടങ്ങ് ശക്തമായി പ്രക്ഷോഭത്തിലൂടെ ശബരിമലയുടെ പവിത്രത കാത്തു സൂക്ഷിക്കുമെന്നും എസ് ജെ ആര് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: