തിരുവനന്തപുരം: കേസില്‍ പ്രതിയായ പോലീസുകാര്‍ ആത്മഹത്യ ചെയ്യുന്നത് സംസ്ഥാനത്ത് ആദ്യമല്ല. സിസ്റ്റര്‍ അഭയ കൊലക്കേസിലുള്‍പ്പെട്ട അന്നത്തെ എഎസ്ഐ വി.വി. അഗസ്റ്റിന് ആത്മഹത്യ ചെയ്യുകയായിരുന്നു. കേസിലെ പ്രാഥമിക തെളിവുകള്‍ നശിപ്പിച്ചത് സിബിഐ അന്വേഷിച്ച് തുടങ്ങിയതോടെ അഗസ്റ്റിന് സമ്മര്‍ദത്തിലായി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരം സംസ്കൃത കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന് ഐസക്കിനെ കൊലപ്പെടുത്തിയ കേസില്‍ ആന്റണി എന്ന പോലീസ് ഉദ്യോഗസ്ഥനും ആത്മഹത്യ ചെയ്തു. കേസന്വേഷണത്തിന്റെ ഭാഗമായി കൈമാറിയ അശ്ലീലചിത്രം അബദ്ധത്തില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്കിട്ടതിന് സസ്പെന്‍ഷനിലായ നടക്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ.ടി. ഷാജി(39)യും ആത്മഹത്യ ചെയ്യുകയായിരുന്നു. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
വിജിലന്‍സ് കേസില്‍ പ്രതിയായ എഎസ്ഐ പി.എം. തോമസ് കടവന്ത്ര പോലീസ് സ്റ്റേഷന് വളപ്പിലാണ് തൂങ്ങിമരിച്ചത്. വല്ലാര്‍പാടം സ്വദേശി തോമസ് പ്രതിയായ കേസിന്റെ വിചാരണ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ആരംഭിക്കാനിരിക്കെയായിരുന്നു സംഭവം.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്ത സംഭവവും നിരവധി. സമ്പത്ത് കൊലക്കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥന് ഡിവൈഎസ്പി ഹരിദത്ത് ആത്മഹത്യ ചെയ്തിരുന്നു. അന്വേഷണത്തിനിടെ കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്ന് ഇദ്ദേഹം കോടതിയെയും ധരിപ്പിച്ചിരുന്നു. ഇദ്ദേഹത്തെ വീടിനു സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐ ഗോപകുമാര്‍ തൂങ്ങിമരിച്ചത് കടുത്ത ജോലി സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു. പൂന്തുറ സ്റ്റേഷനിലെ പ്രസന്നനും പൂജപ്പുര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അരുണും ജോലി സമ്മര്‍ദത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: