ബെംഗളൂരു: അമ്മ ഗിരിജാ ശാസ്ത്രിയുടെ ഓര്മ നിലനിര്‍ത്താനായി അദമ്യ ചേതന എന്ന സേവാകേന്ദ്രത്തിന് 1998ല്‍ അനന്ത് കുമാര്‍ രൂപം നല്കി. ജനപ്രതിനിധിയുടെ തിരക്കിലും സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ശ്രദ്ധാലുവായി. ഭാര്യ തേജസ്വനി ചെയര്‍പേഴ്സണായ ട്രസ്റ്റ് രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം.
പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് തയ്യല്‍ പഠന കേന്ദ്രമായിട്ടാണ് ആരംഭിച്ചത്. 1999ല്‍ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു. 2001ല്‍ രക്തദാനത്തിനായി ഒരു വെബ്സൈറ്റ് ആരംഭിച്ചു.
സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് സ്കൂളുകളില്‍ പോഷകാഹാരം നല്കുന്ന അന്ന-അക്ഷര-ആരോഗ്യ പദ്ധതി 2003 ജൂണില്‍ ആരംഭിച്ചു. 10,000 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കിയാണ് തുടക്കം കുറിച്ചത്. 2003 നവംബറില്‍ പതിനാറായിരമായി. 2004ല്‍ 24,000, 2017ല്‍ രണ്ടു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണംനല്‍കുന്ന പദ്ധതിയായി വളര്‍ന്നു. ഇതോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്ക് നിരവധി പദ്ധതികളും സംഘടന ആരംഭിച്ചു. ഇതിന് പുറമെ ഗ്രാമീണ വികസനം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും സംഘടന സജീവമായി.
അന്ന-അക്ഷര-ആരോഗ്യ പദ്ധതിക്ക് പുറമെ ചിന്നാര ചേതന (കുട്ടികളുടെ മാഗസിന്), ശിക്ഷക ചേതന (അധ്യാപക പരിശീലനം). ആരോഗ്യ രംഗത്ത് ആരോഗ്യ ചേതന, രക്തദാനം, നേത്രചികിത്സാ ക്യാമ്പ്.
ഗ്രാമീണ വികസനത്തിനായി സുഭിക്ഷ ഗ്രാമ അഭിവൃദ്ധി യോജന, വൃക്ഷയോജന, ക്ഷീര വികസന പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് 35,000 രൂപ വരെ പലിശ രഹിതമായി നല്കുന്ന ഗൗ ചേതന, പ്ലാസ്റ്റിക് സംസ്ക്കരണ ശാല.
പരിസ്ഥിതി സംരക്ഷണത്തിനായി ഗ്രീന്‍ ബെംഗളൂരു, സസ്യഗ്രാഹ പദ്ധതി, അനന്തവന, മഴവെള്ളസംഭരണി, മേല്‍ക്കൂരയില്‍ സോളാര്‍ വൈദ്യുതി ഉത്പ്പാദനം, പുകരഹിത പാചകം, മാലിന്യ സംസ്കരണം തുടങ്ങിയ പദ്ധതികള്‍ സംഘടനയുടെ നേതൃത്വത്തില്‍ നടത്തിവരുന്നു. കുട്ടികളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനായി എല്ലാ വര്‍ഷവും അദമ്യ ചേതനാ ഉത്സവങ്ങളും നടത്തിവരുന്നു.
സംഘടനയുടെ വിവിധ പരിപാടികളില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം, പ്രണബ് മുഖര്‍ജി, ഗവര്‍ണര്‍ വാജുഭായ് വാല, മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിംഗ്, സുഷമ സ്വരാജ്, പ്രകാശ് ജാവദേക്കര്‍, സ്മൃതി ഇറാനി, മുഖ്യമന്ത്രിമാരായ മനോഹര്‍ പരീക്കര്‍, വസുന്ധരാരാെജ സിന്ധ്യ, പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥസ്വാമി, ആദി ചുഞ്ചനാഗിരി മഠാധിപതി ബാലഗംഗദരനാഥ സ്വാമി, സുതൂര്‍ മഠാധിപതി ശിവരാത്രി ദേശീകേന്ദ്ര സ്വാമി, ശ്രീശ്രീ രവിശങ്കര്‍, ബാബാ രാംദേവ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: