ഗയാന: വനിതാ ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യ ഇന്നിങ്സ് തുടങ്ങും മുന്‍പ് സ്കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ്. ഒരൊറ്റ പന്ത് പോലും നേരിടാതെയാണ് ഇന്ത്യക്ക് പത്ത് റണ്‍സ് ലഭിച്ചത്. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായാണ് ഇങ്ങനെ ഒരു ടീമിന് റണ്‍സ് ലഭിക്കുന്നത്.
ബാറ്റ് ചെയ്യുന്നതിനിടെ പാക് താരങ്ങള്‍ അനുവദനീയമല്ലാത്ത മേഖലയിലൂടെ ഓടിയതിന് ലഭിച്ച പെനാല്‍റ്റിയാണ് ഈ പത്ത് റണ്‍സ്. പാക് ഇന്നിങ്സിനിടെ റണ്‍സെടുക്കുന്നതിനിടയില്‍ 13-ാം ഓവറിലാണ് ആദ്യം പിച്ചിലൂടെ ഓടിയത്. ഇതിന് അമ്പയര്‍ താക്കീത് നല്കി. എന്നിട്ടും രണ്ടു തവണ ഇത് ആവര്‍ത്തിക്കുകയായിരുന്നു.
18-ാം ഓവറില്‍ ബിസ്മ മറൂഫും നിദാ ദാറുമാണ് ആദ്യം പിഴവ് വരുത്തിയത്. ഇതേക്കുറിച്ച് ചര്‍ച്ച നടത്തിയ അമ്പയര്‍മാരായ സ്യൂ റെഡ്ഫേണ്‍, ഗ്രിഗറി ബ്രാത്ത്വയ്റ്റ് എന്നിവര്‍ പാക്കിസ്ഥാന് അഞ്ചു റണ്‍സ് പിഴ ചുമത്താന്‍ തീരുമാനിച്ചു. നിയമം ലംഘിച്ച് നേടിയ റണ്‍സ് അനുവദിച്ചുമില്ല. ഇക്കാര്യം അമ്പയര്‍മാര്‍ പാക്ക് ടീമിനെ അറിയിച്ചു.
പാക്ക് ഇന്നിങ്സ് അവസാന ഓവറിലേക്കു കടന്നതോടെ താരങ്ങള്‍ക്കു വീണ്ടും പിഴച്ചു. പൂനം യാദവ് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് നേരിടാന്‍ ക്രീസില്‍ ഉണ്ടായിരുന്നത് സിദ്ര നവാസ്. സനാ മിര്‍ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലും. സനാ മിര്‍ ക്രീസില്‍ എത്തുന്നതിനു മുന്‍പ് വിക്കറ്റ് കീപ്പര്‍ ടാനിയ ഭാട്യ ബെയില്സ് തെറിപ്പിച്ചെങ്കിലും റീപ്ലേകളില്‍ അവര്‍ ഔട്ടല്ലെന്നു വ്യക്തമായി. ഇതിനു പിന്നാലെയാണ് ഇരുവരും വീണ്ടും അനുവദനീയമല്ലാത്ത മേഖലയിലൂടെ ഓടിയതായി കണ്ടെത്തിയ അമ്പയര്‍ റെഡ്ഫേണ്‍ അടുത്ത അഞ്ചു റണ്‍സ് കൂടി ഇന്ത്യയ്ക്ക് അനുകൂലമായി അനുവദിച്ചത്. അവസാന പന്തിലെ സിംഗിളും പാക്കിസ്ഥാന് നിഷേധിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യക്ക് 10 റണ്‍സ് ലഭിച്ചു. പാക്കിസ്ഥാന് രണ്ട് റണ്ണും സ്കോറില്‍ നിന്ന് വെട്ടിക്കുറച്ചു. ഇതോടെ അവരുടെ സ്കോര്‍ 135-ല്‍ നിന്ന് 133 ആയി.
പാക് താരങ്ങള്‍ ഇത് ആദ്യമായല്ല ചെയ്യുന്നതെന്ന് ക്യാപ്റ്റന്‍ ജവേരിയ ഖാന് വ്യക്തമാക്കി. ശ്രീലങ്കന്‍ പരമ്പരയിലും ഇങ്ങനെ അബദ്ധം സംഭവിച്ചിരുന്നു.
ഇന്ത്യന്‍ ഇന്നിങ്സില്‍ ഇന്ത്യന്‍ മിതാലി രാജിനും ഇൗ അബദ്ധം സംഭവിച്ചിരുന്നു. ഇത് അമ്പയര്‍ താക്കീത് ചെയ്തു. എന്നാല്‍ പിന്നീട് ആവര്ത്തിക്കാതിരുന്നതിനാല് ഇന്ത്യ പെനാല്‍റ്റി റണ്ണില്‍ നിന്നും രക്ഷപ്പെട്ടു.
മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റിന്റെ ജയം ആഘോഷിച്ചു. ആദ്യം ബാറ്റ് ചെയ്ത് പാക്കിസ്ഥാന് ഉയര്‍ത്തിയ 133 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്തുകളും 7 വിക്കറ്റും ബാക്കിനിര്‍ത്തി 137 റണ്‍സെടുത്ത് ഇന്ത്യ മറികടന്നു. 47 പന്തില്‍ നിന്ന് 56 റണ്‍സെടുത്ത മിതാലി രാജിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം നേടിക്കൊടുത്തത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെയും തോല്‍പ്പിച്ചിരുന്നു. 26 റണ്‍സെടുത്ത സ്മൃതി മന്ഥാനയും ഭേദപ്പെട്ട പ്രകടനം നടത്തി. ജെമിമ റോഡ്രിഗസ് 1 6റണ്‍സിന് പുറത്തായി. പിന്നീട് ഹര്‍മന്‍പ്രീത് കൗര്‍ (14 നോട്ടൗട്ട്), വേദ കൃഷ്ണമൂര്‍ത്തി (പുറത്താകാതെ 8) എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. പാക് നിരയില്‍ ബസ്മ മഹ്റൂഫ് (53), നിദ ദാര്‍ (52) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. മിതാലി രാജാണ് കളിയിലെ താരം.
അടുത്ത മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ 15ന് അയര്‍ലന്‍ഡിനെ നേരിടും.
മറ്റൊരു മത്സരത്തില്‍ ഓസീസ് വനിതകള്‍ ഒമ്പത് വിക്കറ്റിന് അയര്‍ലന്‍ഡിനെ തകര്‍ത്തു. ആദ്യംബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 9.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: