ന്യൂദല്‍ഹി: ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ വൈകിട്ട് 4.30വരെ രേഖപ്പെടുത്തിയത് 56.58 ശതമാനം പോളിങ്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി തള്ളിയാണ് ജനങ്ങള്‍ പോളിങ് ബൂത്തുകളിലെത്തിയത്. വോട്ട് ചെയ്താല്‍ വിരല്‍ മുറിച്ചുകളയുമെന്നായിരുന്നു ഭീഷണി. ബസ്തറും ദന്തേവാഡയും ഉള്‍പ്പെടെ മാവോയിസ്റ്റ് സ്വാധീന മേഖലകളിലെ 18 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടന്നത്. ഇതില്‍ 13 എണ്ണം പട്ടികജാതി, വര്‍ഗ സംവരണ സീറ്റുകളാണ്. അന്തിമ കണക്കില്‍ പോളിങ് ഇനിയും ഉയര്‍ന്നേക്കാം. 20നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്.
മാവോയിസ്റ്റ് അക്രമങ്ങള്‍ക്കിടെയായിരുന്നു തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിന് തൊട്ടുമുന്‍പ് ദന്തേവാഡ ജില്ലയില്‍ സ്ഫോടനമുണ്ടായി. ആര്‍ക്കും പരിക്കില്ല. ബിജാപുരില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചോളം സുരക്ഷാ സൈനികര്‍ക്ക് പരിക്കേറ്റു. ഏതാനും മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സൈനികര്‍ക്കുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒന്നരക്ഷത്തോളം സുരക്ഷാ സൈനികരെയാണ് സംസ്ഥാനത്ത് നിയോഗിച്ചിട്ടുള്ളത്.
വോട്ടെടുപ്പ് പുരോഗമിക്കവെ മുതിര്‍ന്ന നേതാവ് ഖനറാം സാഹു രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസ്സിന് തിരിച്ചടിയായി. മൂന്ന് തവണ എംഎല്‍എയായിരുന്ന സാഹു സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു. അമിത് ഷായാണ് അംഗത്വം നല്കി സ്വീകരിച്ചത്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ നേതാക്കള്‍ മാനസ്സികമായി പീഡിപ്പിക്കുകയാണെന്ന് രാജിക്കത്തില്‍ സാഹു ആരോപിച്ചു. നേരത്തെ വര്‍ക്കിങ് പ്രസിഡണ്ടും വനവാസി നേതാവുമായ രാംദയാല്‍ ഉയിക് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: