ഞാന്‍ ഒരു ഭാഷാസ്നേഹിയാണ്. വാക്കുകള്‍ ഓജസ്സാണ്, ശക്തിപ്രഭാവമാണ്. അവ ആന്തരശേഷിയേയും നിശ്ചയദാര്‍ഢ്യത്തേയും പ്രതിഫലിപ്പിക്കയും പ്രദര്‍ശിപ്പിക്കയും ചെയ്യുന്നു. അവയ്ക്കു നിര്‍മിക്കാനും ഇല്ലാതാക്കാനും
പുനര്‍നിര്‍മിക്കാനും കഴിയും. വ്യക്തിയുടേയോ സമൂഹത്തിന്റേയോ തനതായ മൂല്യം, പ്രബലത, സാധ്യതകള്‍, ഇവ തിരിച്ചറിയാനും
പ്രകാശിപ്പിക്കാനുമുള്ള കഴിവു സത്യത്തില്‍ വാക്കുകള്‍ക്കു മാത്രമേയുള്ളൂ. ബലവാന്മാര് ബലഹീനരെ പ്രചോദിപ്പിക്കുന്നതും, തളര്‍ന്നവര്‍ക്കു ശക്തിപകരുന്നതും, ധന്യതയാളുന്നവര് ദരിദ്രരെ സമ്പന്നരാക്കുന്നതും വാക്കുകളിലൂടെയാണ്.
വാക്കുകള്‍ വെറും ചരിത്രരേഖകള്‍ മാത്രമല്ല. ശ്രീമദ്ഭാഗവതത്തിലൂടെ വ്യാസദേവനും ശുകദേവനും ചെയ്തപോലെ സ്വതന്ത്രമായി ചരിത്രം സൃഷ്ടിക്കാനും വാക്കുകള്‍ക്കു സാധിക്കും. അമരമായ ആന്തരദീപ്തി
യെ അന്വേഷിച്ചു പുറത്തെടുക്കാനുള്ള പ്രേരകശക്തിയായി അവര്‍ മരണഭയത്തെ മാറ്റുകയാണ് ചെയ്തത്. ഏഴാംദിവസം പു
ലരുന്നതിനു മുമ്പുതന്നെ പാപിയായ രാജാവിനെ സ്വന്തം തേജോമഹിമയില് കുളിപ്പിച്ചു നിര്‍ത്തുവാന്‍ അവരുടെ വാക്കുകള്‍ക്കു സാധിച്ചു. വാക്കുകളാല്‍ ആവാഹിക്കാനും പ്രചോദിപ്പിക്കാനും കഴിയാത്തതെന്തുണ്ട്?
ഭൗതികപരിഗണനയില് മനുഷ്യശരീരം ചില വന്യമൃഗങ്ങളുടേതിനേക്കാള് ദുര്‍ബലമാണെന്നു വരാം. പക്ഷെ, ആന്തരമൂല്യത്തില് മനുഷ്യന് മറ്റെല്ലാത്തിനേയും അതിശയിക്കുന്നവനാണ്. ഈ പ്രതാപവും മഹത്വവും വെളിപ്പെടുന്നത് ആശയങ്ങളും വാക്കുകളും വഴിയാണ്. ഭാരതം മഹത്തായി കീഴ്പ്പെടുത്താനാവാതെ ശോഭയോടെ നിലകൊണ്ടത് അതിന്റെ ജനതയുടെ അമരവും ഭാവതരളവുമായ വാക്ശക്തികൊണ്ടാണ്. ഇതാണ് ഭാരതീയരുടെ മനസ്സിന്റെ, ഹൃദയത്തിന്റെ, ബുദ്ധിയുടെ മേന്മയും പ്രഭാവവും. ആഴമുള്ള മൂല്യങ്ങളും മനോജ്ഞതയും മാത്രമേ ഉത്സാഹഭരിതമായ ഹൃദയത്തെ ആകര്‍ഷിക്കൂ.
പല രാജ്യങ്ങളുടേയും സംസ്കാരം – റോമന്‍, ഗ്രീക്ക്, അങ്ങനെ പലതും- തഴയ്ക്കയും പതിക്കയും ചെയ്തിട്ടുണ്ട്. പക്ഷെ, ഭാരതം അതില്‍പ്പെട്ടില്ല. ഇവിടത്തെ ജനങ്ങള്‍ എല്ലാ ആഘാതങ്ങളേയും വിപത്തുകളേയും അതിജീവിച്ചുപോന്നവരാണ്. ഇതു വാസ്തുവിദ്യയോ, ഭൗതികമഹിമയോ കൊണ്ടല്ല. മറിച്ച്, നമ്മുടെ അഗാധമായ മാനസബൗദ്ധിക സമ്പന്നതകൊണ്ടുമാത്രമാണ്.
വിവേകമുള്ള മനസ്സിന്റെ മുന്നില്‍ ധനസമൃദ്ധി തുലോം തുച്ഛമാണെന്നു പ്രാ
ചീനകാലത്തുതന്നെ ഭാരതീയര്‍ മനസ്സിലാക്കുകയും പറഞ്ഞുധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എതിരില്ലാത്ത സിംഹാസനം പോ
ലും ഭാരമാണ്, കുടുംബജീവിതം പോലും അന്തിമഗണനയില് താളം തെറ്റിക്കുന്ന ആസക്തിയാണ്, തീവ്രവിരക്തിയും ശുദ്ധീകരണവും അടിസ്ഥാനമൂല്യമായുള്ള സന്ന്യാസമാണ് മഹത്തരവും ഉത്തുംഗവുമായ സാഫല്യജീവിതത്തിനുള്ള ദൗത്യം, എന്നൊക്കെ നമ്മുടെ പ്രാചീനപിതാമഹന്മാര് വ്യക്തമായി കണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇതറിഞ്ഞ് അവര്‍ ത്യാഗധന്യതയുടെ പരമാനന്ദത്തില്‍ ഉല്ലസിച്ചിരുന്നു.
നമ്മെ സംബന്ധിച്ചു ശരീരവും ഇന്ദ്രിയങ്ങളുംകൊണ്ട് അനുഭവിക്കുന്ന സന്തോഷസൗഭാഗ്യത്തെ എത്രയോ അതിശയിക്കുന്നതത്രേ ഹൃദയധന്യതയും മനഃകുശലതയും ബുദ്ധിമഹത്വവും.
തപഃസമ്പന്നനായി എവിടെയോ ജീവിച്ചിരുന്ന വാല്മീകിയെയാണ്, ഗര്‍ഭവതിയായ തന്റെ പത്നിയുടെ സംരക്ഷണത്തിനു മഹാരാജാവായ ശ്രീരാമന് ഉള്ളഴിഞ്ഞു തിരഞ്ഞുനോക്കിയപ്പോള്‍ കണ്ടത്. വിദൂരത്തെ കുടീരത്തിലെ ചിരാത് എങ്ങനെയാണ് അയോധ്യയിലെ കൊട്ടാരത്തില്‍ വെളിച്ചം പൊഴിച്ചത്! അരണ്യത്തിലെ അത്യുജ്ജ്വലതേജസ്സിനെ ആ രാജനേത്രങ്ങള് ഗ്രഹിച്ചതെങ്ങനെ?
ബാഹ്യമായി, രാമപരിത്യക്തയായ സീതയെ ശുശ്രൂഷിക്കുമ്പോള്‍, ആന്തരമായി വാല്മീകിമഹര്ഷി മനുഷ്യമനസ്സിന്റേയും ഹൃദയത്തിന്റേയും മധുരഗീതമായ രാമായണം പൊഴിക്കയായിരുന്നു! താനിരുന്നേടത്തുതന്നെ ലവകുശന്മാരെന്ന ഇരട്ടസമ്മാനങ്ങള് ദശരഥപുത്രന്നു ലഭിച്ചു. രാമന് ഇതു പ്രതീക്ഷിച്ചുവോ?
ഈ ഇരട്ടകളല്ലേ രാമനേയും സഹോദരന്മാരേയും ആദികാവ്യം ആലപിച്ചു കേള്‍പ്പിച്ചത്? ഹൃദയവും ആത്മാവുമിണങ്ങുംവിധം, ആ കാവ്യമനോജ്ഞതയുടെ ഉള്ളറകളിലേക്കിറങ്ങിച്ചെല്ലാന് രാജപുംഗവന്മാര് സശ്രദ്ധം കണ്ണുകളടച്ചുകൊണ്ട് അതുമുഴുവനും കേട്ടിരുന്നു. അതിശക്തവും ഉത്കര്ഷേച്ഛുവുമായ സിംഹാസനത്തിന്റെ മനസ്സും ഹൃദയവും നിറയ്ക്കാന്‍ വേണ്ടി വനത്തില്‍നിന്നും വന്നെത്തിയ ആ തപോ
വൈഭവം, സന്ന്യാസമഹിമ വാര്‍ത്തെടുത്ത ആ സുന്ദരസൃഷ്ടി, അതാണ് ലവകുശന്മാര് അയോധ്യയിലെത്തി പാടിക്കേള്‍പ്പിച്ചത്.
പ്രിയപ്പെട്ടവരേ, ധന്യവും ഉദാത്തവുമായ മനുഷ്യമനസ്സില്‍നിന്നും ഹൃദയത്തില്നി
ന്നും മാത്രം നിര്‍ഗളിക്കുന്ന വാക്കുകളുടെ ശക്തിയും അമൃതനിഷ്യന്ദികളുമാണിത്. എവിടെ കിടക്കുന്നു സൗന്ദര്യം, നാം തേടുന്ന മനോജ്ഞത, ഉറ്റുനോക്കുന്ന മഹത്വം, കൊതിക്കുന്ന നന്മ, മംഗളമേന്മ?
ഹൃദയത്തിന്റേയും മനസ്സിന്റേയും രസമംഗളങ്ങള് എന്നും ഇന്ദ്രിയങ്ങളുടെ രത്യുന്മത്തതയെ അതിശയിക്കുന്നവയാണ്. അധ്യാത്മദീപ്തിയില് അലിഞ്ഞുചേര്‍ന്ന് അതിന്റെ സത്തയില്‍ നീന്തിത്തുടിക്കാനുള്ള അഭിനിവേശമാണ് നിന്നില്‍ ഒളിഞ്ഞിരിക്കുന്നത്. ഇത് അസാധാരണമല്ല. സത്യത്തില്‍ പലരും തിരിച്ചറിയാത്ത, പ്രകടിപ്പിക്കയും അനുഷ്ഠിക്കയും ചെയ്യാത്ത, ജന്മാവകാശമാണത്.
അറിവാണ് നമ്മുടെ ജീവിതത്തിലെ ഉത്തമവും അന്തിമവുമായ നിധി. മനുഷ്യന്റേതു പൂര്‍ണവ്യക്തിത്വമാണ്. അവന്റെ നിഗൂഢമൂല്യങ്ങള് പ്രത്യക്ഷരൂപത്തിനപ്പുറമുള്ള ഉള്ത്തലത്തിലാണ് നിക്ഷിപ്തം. ആന്തരസമ്പത്തുകളില്വെച്ച് ഏറ്റവും അന്തിമവും ഉത്തുംഗവും ആധ്യാത്മക ജ്ഞാനമാണ്.
ജീവിതത്തില്‍ ആനന്ദമുണ്ട്, സ്വാതന്ത്ര്യമുണ്ട്, നിറവുണ്ട്. മേന്മയുറ്റ ഉന്നതനും ഉത്തമനുമാകാന് ധന്യവും പവിത്രവുമാക്കുന്ന ജ്ഞാനത്തിന്റെ മേലാപ്പിനു കീഴില്‍ മാത്രം പുലരുന്നവയാണിതെല്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: